മരണത്തിനപ്പുറം ജ്വലിക്കുന്ന താരസൂര്യൻ, ആ മരണരഹസ്യം തേടി 38 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഡിറ്റക്ടീവ്


അഞ്ജയ് ദാസ്. എന്‍.ടിജഗന്‍ എന്ന അതിസാഹസികനായ സൂപ്പര്‍ താരമാണ് 1980-ലെ ജീവനാഡി. മദിരാശിക്കടുത്തുള്ള ചൂളാവാരത്തെ എയര്‍സ്ട്രിപ്പില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ അദ്ദേഹം മരണമടയുകയാണ്.

1980 നോവലിന്റെ കവർ പേജ്, നോവലിസ്റ്റ് അൻവർ അബ്ദുള്ള | ഫോട്ടോ: മാതൃഭൂമി

ലയാളത്തില്‍ ഉദയം ചെയ്ത താരസ്വരൂപം. തമിഴിലും തെലുങ്കിലും, എന്തിനേറെ അങ്ങ് ബോളിവുഡില്‍ വരെ എത്തിയ പ്രശസ്തി. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ അസ്തമയം. മരിച്ച് മണ്ണടിഞ്ഞ് ഇത്രയും വര്‍ഷം പിന്നിട്ടിട്ടും ഇന്നും ജയന്‍ എന്ന പുരുഷസൗന്ദര്യത്തികവിന്റെ, സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നുണ്ടെങ്കില്‍ ആ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രമുള്ളതാണ്. കോളിളക്കം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടം ഇന്നും ഒരു തീരനോവായി ആരാധകഹൃദയങ്ങളില്‍ കുടികൊള്ളുന്നു. ആ മരണത്തിന്റെ ചുവടുപിടിച്ച് ഒരുപുത്തന്‍ വായനാനുഭവം ഒരുക്കുകയാണ് അന്‍വര്‍ അബ്ദുള്ള 1980 എന്ന പുത്തന്‍ നോവലിലൂടെ.

ജഗന്‍ എന്ന അതിസാഹസികനായ സൂപ്പര്‍ താരമാണ് 1980-ലെ ജീവനാഡി. മദിരാശിക്കടുത്തുള്ള ചൂളാവാരത്തെ എയര്‍സ്ട്രിപ്പില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ അദ്ദേഹം മരണമടയുകയാണ്. ഇന്ത്യന്‍ സിനിമയെ ഒന്നടങ്കം ഞെട്ടിച്ച സിനിമാദുരന്തം. 38 വര്‍ഷങ്ങള്‍ക്ക് ശേഷം ശിവ്ശങ്കര്‍ പെരുമാള്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഈ അപകടത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചിറങ്ങേണ്ടി വരികയാണ്. അതിന് കാരണമാകട്ടെ ജഗന്റെ മരണത്തില്‍ ഇന്നും നീറുന്ന മനസുമായി ജീവിതം തള്ളി നീക്കുന്ന കൃഷ്ണന്‍കുട്ടി എന്ന ആരാധകന്റെ സന്ദര്‍ശനവും. അല്പം മടിച്ചാണെങ്കിലും കൃഷ്ണന്‍കുട്ടിയുടെ ആവശ്യം / അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാനിറങ്ങുകയാണ് പെരുമാള്‍. ആ കുറ്റാന്വേഷകന്‍ അതില്‍ വിജയം കാണുമോ എന്നുള്ളതാണ് 1980 പ്രാഥമികമായി മുന്നോട്ടുവെയ്ക്കുന്നത്.

ചില കൗതുകകരമായ കാര്യങ്ങള്‍ വ്യക്തമാക്കാം. എല്ലാവര്‍ക്കും അറിയുന്ന കഥയും പശ്ചാത്തലവുമാണ് 1980 എന്നതാണ് ആദ്യത്തെ കാര്യം. മലയാളികളുടെ മനസില്‍ ജയന്‍ എന്ന നടന്‍ കടന്നുപോകാത്ത ദിനങ്ങള്‍ കുറവായിരിക്കും. കേരളത്തിലെ സിനിമാപ്രേക്ഷകര്‍ക്കിടയില്‍ അത്രയും ആഴത്തില്‍ വേരൂന്നിയ, സ്വാധീനം ചെലുത്തിയ വേറൊരു നടനുണ്ടാവില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് നിര്‍മിച്ച കഥാപാത്രമാണ് ജഗന്‍. അദ്ദേഹത്തിന്റെ മരണം അന്വേഷിക്കുന്ന ശിവ്ശങ്കര്‍ പെരുമാളാകട്ടെ മലയാള സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റിയ, മലയാളത്തിന്റെ സ്വന്തം സ്റ്റാര്‍ ഡിറ്റക്ടീവ് ആയ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഓഫീസറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച കഥാപാത്രവും. കൃഷ്ണന്‍ കുട്ടിയെ ജഗന്റെ തീവ്ര ആരാധകനോ അല്ലെങ്കില്‍ ഒരുപാട് ആരാധകരുടെ പ്രതിനിധിയായോ ആയിവേണം കാണാന്‍. ഇത്രയും കാര്യങ്ങള്‍ മനസിലുറപ്പിച്ചുവേണം വായന തുടരാന്‍.

ശിവ്ശങ്കര്‍ പെരുമാള്‍ മുമ്പ് അന്വേഷികനായെത്തിയ, അന്‍വര്‍ അബ്ദുള്ളയുടെ പ്രൈം വിറ്റ്‌നസ് എന്ന നോവല്‍ കേസന്വേഷണത്തില്‍ കേന്ദ്രീകരിച്ച് വളരെ ചടുലമായി മുന്നേറുന്ന നോവലായിരുന്നു. പക്ഷേ 1980-ലെത്തുമ്പോള്‍ പെരുമാളിന്റെ അന്വേഷണള്‍ക്കൊപ്പം ജഗന്‍ എന്ന സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയും ഒടുക്കവും പല ലേയറുകളിലായി വായനക്കാരനിലേക്കെത്തിക്കാനുള്ള ശ്രമവും നോവലിസ്റ്റ് നടത്തുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും അവര്‍ക്കാരായിരുന്നു ജഗന്‍ അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ ജഗന്‍ എന്ത് സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത് എന്ന് പറയുകയാണ് ചെയ്യുന്നത്. അതില്‍ നിന്നാണ് തനിക്കാവശ്യമുള്ളതുമാത്രം പെരുമാള്‍ വേര്‍തിരിച്ചെടുക്കുന്നത്. കാരണം ശൂന്യതയില്‍ നിന്നുവേണമായിരുന്നു ആ കുറ്റാന്വേഷകന് തുടങ്ങാന്‍. കൃഷ്ണന്‍കുട്ടി എന്ന ആരാധകന്റെ ഭ്രാന്തമായ സംശയത്തില്‍ സത്യത്തിന്റേതായ ചെറുകണികയെങ്കിലും കണ്ടെത്തണമെന്ന് ഉത്തരവാദിത്വവും പെരുമാളില്‍ വന്നുചേരുന്നുണ്ട്.

എവിടെ നോക്കിയാലും വെല്ലുവിളികളും യോജിപ്പിക്കാനാവാത്ത കണ്ണികളും മാത്രമുള്ള കേസാണ് പെരുമാളിനെ സംബന്ധിച്ചിടത്തോളം ജഗന്റെ മരണം. ഒന്നാമതായി ജഗന്റേത് ഷൂട്ടിങ് സെറ്റില്‍ വച്ചുള്ള അപകടമരണമാണെന്നത് കഴിഞ്ഞ 38 വര്‍ഷമായി ജനങ്ങളുടെ മനസിലുറച്ചുപോയി. ഇനി അന്ന് സംഭവിച്ചത് അപകടമല്ല, കൊലപാതകമാണോയെന്ന് ആരോടെങ്കിലും ചോദിക്കണമെന്നുവെച്ചാല്‍ ആ സിനിമയുമായും ജഗനുമായും സഹകരിച്ചവരില്‍ പലരും ഇന്ന് ഈ ഭൂമിയില്‍ അവശേഷിക്കുന്നുമില്ല. ജീവിച്ചിരിക്കുന്നവര്‍ക്കാകട്ടെ ആ സംഭവത്തേക്കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല. മൂന്ന് കാര്യങ്ങളാണ് പെരുമാളിന് മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ ജഗന്റേത് കൊലപാതകമാണെന്ന് തെളിവ് സഹിതം പുറംലോകത്തെ അറിയിക്കണം. അതുമല്ല ആത്മഹത്യയാണെങ്കില്‍ അതിനും വേണം കാരണവും തെളിവും. ഇതൊന്നുമല്ലാതെ മൂന്നാമതൊന്നുകൂടിയുണ്ട്. ആദ്യം പറഞ്ഞ രണ്ടുമല്ലെങ്കില്‍ ജനങ്ങള്‍ ഇത്രയും കാലം വിശ്വസിച്ചതായിരുന്നു സത്യം എന്ന് ഉറപ്പിക്കല്‍. ഇതില്‍ മൂന്നാമത്തെ കാര്യമാണ് പെരുമാളിനെ ഏറ്റവുമധികം അസ്വസ്ഥനാക്കിയിരുന്നത് എന്ന് വരികള്‍ക്കിടയിലൂടെ വായിച്ചറിയാം.

പ്രമേയം ഇങ്ങനെയൊന്നായതുകൊണ്ടുതന്നെ യഥാര്‍ത്ഥ താരത്തേയും അദ്ദേഹത്തിനൊപ്പം ആ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചവരേയും നോവലില്‍ തിരയുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിലും 1980 വായനക്കാര്‍ക്കൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. കഥാപാത്രങ്ങളുടെ പേരുകള്‍ വായിക്കുമ്പോള്‍ത്തന്നെ മനസില്‍ അവര്‍ക്കൊരു രൂപം നല്‍കാന്‍ വായനക്കാര്‍ക്ക് സാധിക്കുന്നുണ്ട്. സാങ്കല്പികമായ കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. പ്രവൃത്തികളിലൂടെയും സംഭാഷണങ്ങളിലൂടെയും ജീവിതപശ്ചാത്തലത്തിലൂടെയും വേണം അത്തരക്കാര്‍ക്ക് രൂപം നല്‍കാന്‍. എല്ലാവരുടേയും മനസില്‍ അടിയുറച്ചുപോയ ഒരു സംഭവത്തിന് ഒരു പുത്തന്‍ ഛായ നല്‍കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. സാങ്കല്പികമായ സംഭവങ്ങളാണെങ്കിലും ഇതായിരിക്കുമോ ശരിക്കും സംഭവിച്ചത് എന്ന് പലവുരു വായനക്കാരനെക്കൊണ്ട് ചോദിപ്പിക്കുന്നതാണ് 1980-യുടെ കഥപറച്ചില്‍ ശൈലി. യഥാര്‍ത്ഥ വ്യക്തികളുടെ ഛായയുള്ള കഥാപാത്രങ്ങളില്‍ക്കൂടിയും നോവലിസ്റ്റിന്റെ മാത്രം സൃഷ്ടികളായ കഥാപാത്രങ്ങളിലൂടെയും സാങ്കല്പികതയെ വെല്ലുന്ന, യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ഒരു ലോകം വാക്കുകള്‍കൊണ്ട് രൂപീകരിച്ചിരിക്കുന്നതായി കാണാനാവും.

സിനിമയിലേക്കുള്ള വരവിന് മുമ്പും ശേഷവും ഇത്രയേറെ ദുരൂഹതകള്‍ നിറഞ്ഞ വേറൊരു വ്യക്തിത്വം മലയാള സിനിമയിലുണ്ടാവില്ലെന്ന് ജഗനേക്കുറിച്ച് പരിശോധിച്ചാല്‍ മനസിലാവും. ആരോടും ഒന്നും തുറന്നുപറയാത്ത പ്രകൃതം. മറ്റുള്ളവര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളായിരുന്നു ജഗനെന്ന് പലയിടങ്ങളിലായി നോവലില്‍ പറയുന്നുണ്ട്. ജീവിത പശ്ചാത്തലം, കുടുംബക്കാര്‍, സിനിമയ്ക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കള്‍, ഭാവി പദ്ധതികള്‍, ശത്രുക്കള്‍, സ്ത്രീ സൗഹൃദങ്ങള്‍ തുടങ്ങി ജഗനിലെ ദുരൂഹതകള്‍ അവസാനമില്ലാതെ കിടക്കുന്നു. ഇപ്പറഞ്ഞവയില്‍ സാധ്യമായവയെല്ലാം തിരശ്ശീലയ്ക്ക് പുറത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു ശിവ്ശങ്കര്‍ പെരുമാളിന്റെ ജോലി. വിഷയം വിശാലമായതുകൊണ്ടുതന്നെ സംഭവങ്ങള്‍ അരങ്ങേറുന്ന ഭൂമിക ഒരിടത്തുമാത്രമല്ല. കേരളത്തിനകത്തേക്കും പുറത്തേക്കും ഒരുവേള ഇന്ത്യക്ക് പുറത്തേക്ക് തന്നെ പെരുമാളിന്റെ സഞ്ചാരം നീളുന്നുണ്ട്. ജഗന്റെ ജീവിതവും ജീവിതാന്ത്യവും അത്യന്തം ദുരൂഹവും നാടകീയതകള്‍ നിറഞ്ഞതായതിനാല്‍ 38 വര്‍ഷത്തിനിപ്പുറവും ആ രഹസ്യങ്ങള്‍ക്ക് ഉത്തരം ആഗ്രഹിച്ചിരുന്നവര്‍ നിരവധിയാണ്. ഈ സത്യം ഒരു കൃഷ്ണന്‍കുട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പെരുമാള്‍ക്ക് പലതവണ ബോധ്യപ്പെടുന്നുമുണ്ട്.

ഇന്നത്തെ കാലത്ത് സിനിമയിറങ്ങുമ്പോള്‍ കേള്‍ക്കുന്ന സ്ഥിരം വാക്കാണ് പാന്‍ ഇന്ത്യന്‍ ചിത്രം എന്ന്. നമ്മളൊക്കെ പാന്‍ ഇന്ത്യ എന്ന് കേട്ടുതുടങ്ങും മുമ്പേ അങ്ങനെയൊന്ന് ചിന്തിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചയാളാണ് ജഗന്‍. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ടായിരുന്നു. മലയാളത്തില്‍ ഹിറ്റാകുന്ന ചിത്രം അന്യഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനപ്പുറത്തേക്ക് പലതും പദ്ധതിയിട്ടിരുന്നു ജഗന്‍. പദ്ധതി പ്രകാരം എല്ലാം നടന്നിരുന്നെങ്കില്‍ ഇന്ന് പക്ഷേ മലയാളത്തിനെന്നല്ല, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ കയ്യെത്താത്ത ഉന്നതിയില്‍ എത്തിയേനേ ജഗന്‍ എന്നാണ് നോവലിസ്റ്റിന്റെ പക്ഷം. ഇവിടെ ജഗന്‍ എന്ന താരത്തോടും വ്യക്തിയോടുമുള്ള എഴുത്തുകാരന്റെ ആരാധന വെളിവാകുന്നു. അത് പറയുന്നത് പക്ഷേ പെരുമാളിലൂടെയാണെന്ന് മാത്രം. കണ്ടുമുട്ടുന്നവരില്‍ പലരും ജഗന്‍ തന്റെ മരണത്തേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയിക്കാന്‍ പെരുമാളിന്റെ രൂപമെടുത്ത് വന്നതായിരിക്കാം എന്ന് കരുതുന്ന രീതിയില്‍ വരച്ചിടുന്ന ഒരു ചിത്രമുണ്ട്. ആ ഭാഗങ്ങളില്‍ പെരുമാളും ജഗനും ഒരാളാവുകയും നോവലിന് ചെറിയ രീതിയില്‍ ഫാന്റസിയുടേതായ തലം കൈവരികയും ചെയ്യുന്നുണ്ട്.

നോവലിന്റെ അനുബന്ധമായി എഴുത്തുകാരന്‍ തന്നെ പറയുന്ന വാക്യങ്ങള്‍ തന്നെയെടുക്കാം. 'എഴുതാന്‍ മാത്രം എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ഇന്റര്‍നെറ്റില്‍ വെറുതേ തിരഞ്ഞുതുടങ്ങി. അപ്പോഴാണ് മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ എത്ര തിളങ്ങുന്ന ഓര്‍മയായി, മലയാളി എവിടെല്ലാമുണ്ടോ അവിടെല്ലാം ജ്വലിച്ചുനില്‍ക്കുന്നു എന്നു മനസിലായത്. മാത്രമല്ല, നടനെന്നതിലപ്പുറം, മനുഷ്യനെന്ന നിലയില്‍ എന്തൊരു തലപ്പൊക്കവും മഹത്വവുമാണ് അദ്ദേഹം അണിഞ്ഞിരുന്നതെന്നും തോന്നിപ്പോയി'. ഈ വാചകങ്ങളില്‍ നോവലിസ്റ്റ് പരാമര്‍ശിക്കുന്നത് സാക്ഷാല്‍ ജയനേക്കുറിച്ചാണ്. നോവലെഴുതാന്‍ അദ്ദേഹം പഠിച്ചിരിക്കുന്നത് ജയനെന്ന നടനേക്കുറിച്ചാണ്. അന്ന് ആ അപകടം പിണഞ്ഞിരുന്നില്ലെങ്കില്‍ ജയന്‍ ഇന്നെവിടെ നില്‍ക്കുമായിരുന്നു എന്നുള്ള നോവലിസ്റ്റിന്റെ അന്വേഷണംകൂടിയാണ് യഥാര്‍ത്ഥത്തില്‍ 1980.

Content Highlights: 1980 book review, anvar abdullah new novel, perumal series, malayalam novel review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented