നടന്‍ 'ജഗന്റെ' മരണം ഡിറ്റക്ടീവ് പെരുമാള്‍ അന്വേഷിക്കുമ്പോള്‍: നോവലില്‍ ചരിത്രമായി 1980


ഡോ. അര്‍ഷാദ് അഹമ്മദ് എ 

1980-ല്‍ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ജനകീയനായ യുവനടന്‍ നമ്മുടെ ഓര്‍മകളിലുണ്ട്. പ്രസ്തുത അപകടത്തെപ്പറ്റി അക്കാലത്ത് തന്നെ ഒരുപാട് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുള്ളതും നമുക്ക് അറിവുള്ളതാണ്.

ചിത്രീകരണം: ബാലു

ലിറ്റററി ഫിക്ഷന്‍ ഇഷ്ടപ്പെടുന്നവര്‍ പോപ്പുലര്‍ സാഹിത്യത്തിലെ ഡിറ്റക്ടീവ് നോവലുകള്‍ ഇഷ്ടപ്പെടുന്നവര്‍ ആവണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെ. രണ്ടിലും താല്പര്യമുള്ളവര്‍ പൊതുവേ എണ്ണത്തില്‍ കുറവായിരിക്കുംതാനും സുകുമാര്‍ അഴീക്കോട്, പി കെ രാജശേഖരന്‍ എന്നീ പ്രഗല്‍ഭരടക്കം ചില വലുതും ചെറുതുമായ വായനക്കാരെ എനിക്കറിയാം. Upmarket fiction എന്ന ലേബലിലും അല്ലാതെയും സാഹിത്യഗുണമുള്ള കുറ്റാന്വേഷണ നോവലുകള്‍ നിരവധി ഇംഗ്ലീഷ് അടക്കമുള്ള ലോകഭാഷകളില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അത്തരം ശ്രമങ്ങള്‍ തുലോം തുച്ഛം എന്ന് തന്നെ പറയേണ്ടിവരും. അന്‍വര്‍ അബ്ദുള്ളയുടെ കോമ, ശ്രീജേഷിന്റെ നാല്‍വര്‍ സംഘത്തിന്റെ മരണക്കണക്ക്, മായാ കിരണിന്റെ ബ്രെയിന്‍ ഗെയിം, രജദ് ആര്‍ ന്റെ ബോഡി ലാബ്, മനോജ് ഭാരതിയുടെ ഭ്രാന്തിമാന്‍ തുടങ്ങിയവ ഒരേസമയം സാഹിത്യഭംഗികൊണ്ടും പ്ലോട്ട് കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും വേറിട്ട്‌നിന്നവയാണ്. എങ്കില്‍ തന്നെയും upmarket fiction എന്ന മുദ്രണം കാരണം അവയെ എല്ലാം ചില കള്ളികളില്‍ ഒതുക്കിയാണ് വായനാസമൂഹം ഇപ്പോഴും പരിഗണിക്കുന്നത്. വിദേശ ഭാഷകളില്‍ നല്ല മൂല്യം ലഭിക്കുന്ന ഈ മുദ്രണത്തിന് മലയാളത്തില്‍ അര്‍ഹിക്കുന്ന പരിഗണനയോ പ്രാമുഖ്യമോ ലഭിക്കുന്നില്ല എന്നത് സത്യം തന്നെയാണ്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അന്‍വര്‍ അബ്ദുള്ളയുടെ 1980 എന്ന നോവല്‍ ,ഡിറ്റക്ടീവ് നോവല്‍ എന്ന് ഞാന്‍ പ്രയോഗിക്കുന്നത് നോവലിന്റെ ബ്ലര്‍ബില്‍ പ്രസാധകര്‍ അങ്ങനെ അവകാശപ്പെട്ടത് കൊണ്ടാണ്. മറിച്ച്, അനേകം മാനങ്ങള്‍ കൈവരിക്കുന്ന, നിരവധി അടരുകളും പിരിവുകളും കൊണ്ട് നിറഞ്ഞ, എത് ജനുസ്സില്‍ പെടുത്തും എന്ന് സന്ദേഹം ജനിപ്പിക്കുന്ന തരം എഴുത്താണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. ഒന്നുറപ്പിച്ച് പറയാം. മലയാളത്തില്‍ ഇങ്ങനെയൊരു സൃഷ്ടി, അതിന്റെ എല്ലാ സവിശേഷതകള്‍ കൊണ്ടും ആദ്യത്തേതാണ്.

1980-ല്‍ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ജനകീയനായ യുവനടന്‍ നമ്മുടെ ഓര്‍മകളിലുണ്ട്. പ്രസ്തുത അപകടത്തെപ്പറ്റി അക്കാലത്ത് തന്നെ ഒരുപാട് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുള്ളതും നമുക്ക് അറിവുള്ളതാണ്. അതെല്ലാം തന്നെ കാലക്രമേണ ഇല്ലാതാവുകയും ഒരു ദാരുണമായ അപകടമരണം എന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സംഭവത്തെ ഫിക്ഷനല്‍ ആയി പുനര്‍വായിക്കുകയാണ് നോവലിസ്റ്റ്. 1980-ല്‍ ജഗന്‍ ശങ്കര്‍ എന്ന സൂപ്പര്‍ -താരം ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുന്നു. ആ അപകടം നടന്ന് മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജഗന്റെ ഒരു കടുത്ത ആരാധകനായ കൃഷ്ണന്‍ കുട്ടി ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിനെ കാണാനെത്തുന്നു. ജഗന്റേത് ഒരു അപകടമരണമായി കൃഷ്ണന്‍കുട്ടിക്ക് തോന്നുന്നില്ല. ആരോ, അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ അപായപ്പെടുത്തിയതാണ്. അതൊന്ന് അന്വേഷിക്കണം. അതാണ് അയാളുടെ ആവശ്യം. ആദ്യം നിസാരമായി തള്ളി കളയുന്നെങ്കിലും പിന്നീട് പെരുമാളിന് ആ അപേക്ഷ സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു.

കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ വ്യക്തികളുമായി സാമ്യം തോന്നുക സ്വാഭാവികം. ആ തോന്നലാണ് നോവല്‍ വായനയെ ത്രില്ലടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ആദ്യഘടകം. ജഗന്‍, പ്രേം ഫിറോസ്, ഷാജഹാന്‍, മോഹന്‍ ഹാസന്‍, ശിവ, ശശികാന്ത്, എം വി ആര്‍, ലീല, ശ്യാം കിഷോര്‍, രവികിരണ്‍, ഭാസുരേന്ദ്രന്‍, ജമന്തിക എന്നീ കഥാപാത്രങ്ങളെ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന മുഖങ്ങള്‍ വായനക്കാരെ പുതിയ അനുഭവതലങ്ങളിലേക്ക് കൊണ്ടുപോകും. ഈയൊരു അനുഭൂതി മാത്രം മതിയാവും നോവല്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാന്‍.

കൃഷ്ണന്‍കുട്ടി പെരുമാളിനെ കാണാന്‍ വരുന്ന ആദ്യഅധ്യായം തന്നെ മനോഹരമാണ്. ഹാംലറ്റ് രാജകുമാരനെ പിതാവിന്റെ പ്രേതം സന്ദര്‍ശിക്കുന്ന ഷേക്‌സ്പിയര്‍ നാടകത്തിലെ സന്ദര്‍ഭവും ഡോണ്‍ സിനിമകളുടെ തുടക്കത്തില്‍ നായകകഥാപാത്രത്തോട് പരാതി പറയാന്‍ കക്ഷികള്‍ എത്തുന്ന (ഭീഷ്മപര്‍വത്തിലും ഉണ്ട് ഇത്തരമൊരു രംഗം) നിമിഷങ്ങളും ഒക്കെ ഓര്‍മിപ്പിക്കുന്ന തുടക്കം. ഒപ്പം ഹോംസ് കഥകളുടെ ആരംഭവും ഓര്‍മയില്‍ വരും. അവിടം മുതല്‍ പെരുമാള്‍ അസംഖ്യം ആളുകളുടെ ഓര്‍മകളുടെ പിറകെ സഞ്ചരിച്ചു തുടങ്ങുകയാണ്. അഗതാ ക്രിസ്റ്റിയുടെ Five Little Pigs, Elephants can Remember എന്നീ നോവലുകളെ ചെറിയ രീതിയില്‍ അനുസ്മരിപ്പിക്കുന്ന പ്ലോട്ട് ആണെങ്കിലും പുതുമ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളുടെ വികാസ പരിണാമങ്ങളാണ് നോവലിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു സംഗതി. തുടക്കത്തില്‍ മൈനര്‍ കഥാപാത്രങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യക്തികളുടെ ഓര്‍മകള്‍ ചുരുള്‍ നിവരുമ്പോള്‍ എത്രത്തോളം സംഘര്‍ഷങ്ങള്‍ നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ കൂടിയാണ് അവര്‍ ഓരോരുത്തരും സഞ്ചരിച്ചത്/സഞ്ചരിക്കുന്നത് എന്ന് മനസ്സിലാവും. ആ തിരിച്ചറിയല്‍ വായനക്കാരെ ഒരു നിമിഷം വായന നിര്‍ത്തി നെടുവീര്‍പ്പിടാന്‍ പ്രേരിപ്പിക്കും. കൃഷ്ണന്‍കുട്ടി, സൗമിനി, ജംബോ മുത്തയ്യ, ശിവപ്രസാദ്, പ്യാരിലാല്‍ തുടങ്ങിയവരുടെ ഓര്‍മയും വര്‍ത്തമാനവും, അത്തരത്തിലുള്ളതാണ്. ജഗനെ പ്പറ്റിയുള്ള മിക്കവരുടെയും വിശദീകരണങ്ങളും ജഗന്‍ മരിച്ച വാര്‍ത്തയറിഞ്ഞ പ്രേം ഫിറോസിന്റെ ഹൃദയം നുറുങ്ങുന്ന പ്രതികരണങ്ങളും, താരത്തിളക്കങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന മോഹന്‍ ഹാസന്റെ ഇടപെടലുകളും ആ അതുല്യ പ്രതിഭകളുടെ ആരാധകരെ ഒരേസമയം രോമാഞ്ചം കൊള്ളിക്കാനും കണ്ണീര്‍ പൊഴിക്കാനും ഇടയാക്കുന്നതാണ്.

ഡിറ്റക്ടീവ് നോവല്‍ എന്നതിനപ്പുറം 1980 ജനകീയനായൊരു നായകനടന്റെ ഫിക്ഷനല്‍ ബയോഗ്രഫി ആവുന്നു. അതേസമയം അത് തെന്നിന്ത്യന്‍ സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലം ആയിരുന്ന മദ്രാസ് നഗരത്തിന്റെ ദേശചരിത്രവും ആയി മാറുന്നു. ഒരു പരിധിവിട്ട്, എസ് ഹരീഷിന്റെ 1947 പോലെ, പാരലല്‍ ഹിസ്റ്ററിയുടെ സവിശേഷതകളും പ്രകടിപ്പിക്കുന്ന ഈ നോവലിനെ അതുകൊണ്ട് തന്നെ കള്ളികളില്‍ തളച്ചിടാന്‍ കഴിയുന്നതല്ല.

നിങ്ങളില്‍ ഡിറ്റക്ടീവ് ഫിക്ഷന്‍ ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. സാഹിത്യഭംഗി തുളുമ്പുന്ന ഭാഷയില്‍ എഴുതിയ, കഥയില്‍ ആഴത്തില്‍ വേരോടുന്ന ഉള്ളുതൊടുന്ന കാഴ്ചകള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായ നോവലുകള്‍ ഇഷ്ടമുള്ളവരും കാണും. രണ്ട് കൂട്ടര്‍ക്കും ഞാന്‍ ഈ നോവല്‍ നിര്‍ദേശിക്കുന്നു. കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ പലര്‍ക്കും വായനാസുഖം കുറച്ചേക്കും. അതൊക്കെയൊന്ന് മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ നിങ്ങള്‍ മലയാളത്തില്‍ വായിച്ച ഏറ്റവും മികച്ച കുറ്റാന്വേഷണ നോവലുകളില്‍ ഇതിനെയും ചേര്‍ത്തുവെക്കാന്‍ നിങ്ങള്‍ക്ക് തോന്നും. അന്‍വര്‍ അബ്ദുള്ളയുടെ തന്നെ 'കമ്പാര്‍ട്ട്‌മെന്റ്' എന്ന നോവലാണ് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ഡിറ്റക്ടീവ് നോവലായി ഞാന്‍ കരുതുന്നത്. ഡിറ്റക്ടീവ് നോവലിന്റെ പരിസരത്തുനിന്ന് നോക്കിയാല്‍ 1980 ഒരുപക്ഷേ അതിനോളം വരില്ല. പക്ഷേ ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രത്യേകതകള്‍ കൊണ്ട് തന്റെ തന്നെ മറ്റെല്ലാ നോവലുകളെയും കടത്തിവെട്ടാന്‍ 1980-യിലൂടെ നോവലിസ്റ്റിന് സാധിച്ചിരിക്കുന്നു എന്ന് അടിവരയിട്ട് പറയാം. കൂടെ മലയാള നോവലിന് ഒരു പുതിയ ദിശ കൂടി കാട്ടിതന്നിരിക്കുന്നു. മുഖ്യധാരാ എഴുത്തുകാരും വായനക്കാരും പടിക്കുപുറത്ത് നിര്‍ത്തിയിരുന്ന ഡിറ്റക്ടീവ് നോവലിനെ ലിറ്റററി ഫിക്ഷന്‍ തറവാട്ടിനകത്ത് അന്‍വര്‍ അബ്ദുള്ള കസേര വലിച്ചിട്ട് ഇരുത്തിയിരിക്കുന്നു.

(കായംകുളം എം എസ് എം കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: 1980 anvar abdullah novel review by dr arshad ahammed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented