യഹൂദ അമിച്ചായ്. ഇസ്രയേലിന്റെ ശ്രേഷ്ഠകവി. ഹീബ്രുഭാഷയിൽ കവിതകളെഴുതുകയും നാൽപതോളം വിദേശഭാഷകളിലേക്ക് വിവർത്തനെ ചെയ്യപ്പെടുകയും ചെയ്ത മഹത്തായ കവിതകളുടെ സ്രഷ്ടാവ്. ഹീബ്രുവിൽ നിന്നും ഏറ്റവും കൂടുതൽ വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും യഹൂദ അമിച്ചായിയുടെ കവിതകളാണ്. “An Arab Shepherd is Searching for His Goat on Mount Zion” എന്ന അമിച്ചായിയുടെ വിഖ്യാത കവിതയ്ക്ക് ദേവഗിരി കോളേജ് മലയാളം വിഭാഗം അധ്യാപകനും കവിയുമായ സുനിൽ ജോസ് നൽകിയ വിവർത്തനം വായിക്കാം.

ഒരു അറബി ഇടയൻ സീയോൻ മലയിൽ
തന്റെ ആടിനെ തിരയുന്നു
നേരെ എതിരെയുള്ള കുന്നിൽ
ഞാനെന്റെ കൊച്ചുമകനെ തിരയുന്നു
ഒരു അറബിയിടയനും
യഹൂദനായ പിതാവും
രണ്ടുപേരും ഇപ്പോൾ പരാജിതർ
ഞങ്ങളുടെ ശബ്ദങ്ങൾ
ഞങ്ങൾക്കിടയിലുള്ള താഴ്വരയിലെ
സുൽത്താന്റെ കുളത്തിനു മുകളിൽ കണ്ടുമുട്ടി
'ഹാദ് ഗന്ത്യ' യന്ത്രത്തിന്റെ ചക്രത്തിനിടയിൽ
ആൺകുട്ടിയോ ആടോ
പെട്ടുപോകാൻ ഞങ്ങൾ രണ്ടാളും
ആഗ്രഹിക്കുന്നില്ല
പിന്നീട് ഞങ്ങൾ അവരെ
കുറ്റിച്ചെടികൾക്കിടയിൽ കണ്ടെത്തി
ചിരിയായും കരച്ചിലായും
ഞങ്ങളുടെ ഒച്ചകൾ
ഞങ്ങൾക്കുള്ളിലേക്കു
തിരികെ പോന്നു

കുഞ്ഞിനോ കുഞ്ഞാടിനോ വേണ്ടിയുള്ള
തിരച്ചിൽ ഒരു പുതിയ മതത്തിന്റെ
തുടക്കമാവാറുണ്ട് ഈ കുന്നുകളിൽ

Content Highlights : Yehuda Amichai Poem An Arab Shepherd is Searching for His Goat on Mount Zion Malayalam Translation