അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റ ദിവസം ഒരു ഇരുപത്തിരണ്ടു വയസ്സുകാരിഒരു കവിതചൊല്ലി. ആ കവിത ഏറെ ചരിത്രമാനങ്ങളുള്ളതാണ്. ആര്യാഗോപി എഴുതിയ കവിതയെക്കുറിച്ചുള്ള കുറിപ്പും പ്രധാനഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷയുമാണിത്.
ജനുവരി 20, 2021-ൽ അമേരിക്കയുടെ നാൽപ്പത്തിയാറാമത് പ്രസിഡന്റ് ജോ ബൈഡൻ ചുമതലയേറ്റ ദിവസം ആ നാടിന്റെ കവിതാ ചരിത്രത്തിന്റെ കുന്ന് ഒരു ഇരുപത്തിരണ്ടുകാരി ഒറ്റയ്ക്കു നടന്നുകയറി. എഴുതുക എന്നാൽ, സ്വയം പൊരുതുകയാണെന്ന കാവ്യമന്ത്രം വാക്കിലും പറച്ചിലിലും അവർ ആയുധമാക്കുന്നത് ലോകം അന്ന് കണ്ടു. അമേരിക്കയുടെ ദേശീയ കവിപ്പട്ടം 2017-ൽ നേടിയ അമാൻഡ ഗോർമന്റെ 'നാമേറുന്ന കുന്ന്' എന്ന ആ 'ഉദ്ഘാടകകവിത' പല മാനങ്ങൾകൊണ്ടും ശക്തമായ രചനയാണ്. ആ കവിത ചൊല്ലിയവതരിപ്പിച്ച് അഞ്ചുനിമിഷങ്ങൾക്കുള്ളിൽ ജനാധിപത്യത്തിന്റെ ഒരിക്കലും അസ്തമിക്കാതെ മനുഷ്യപ്രതീക്ഷയുടെ തിളങ്ങുന്ന മുഖമായി അമാൻഡ എന്ന കവി മാറി.
നമുക്കുചുറ്റും നടക്കുന്നത് കാണാനുള്ള ധൈര്യമുണ്ടെങ്കിൽ അടിമപ്പൂർവികരുടെ ഈ ഇളം തലമുറക്കാരിയെ, അമ്മ ഒറ്റയ്ക്ക് വളർത്തിയ ഈ കറുത്തപെൺകുട്ടിയെ കേൾക്കാതിരിക്കാൻ നമ്മൾക്ക് കഴിയില്ല. കവിതാശകലങ്ങളും പ്രഖ്യാപനങ്ങളും സ്വപ്നങ്ങളും അഭിമാനബോധത്തിന്റെ സത്യവാങ്മൂലങ്ങളും പ്രതിഷേധങ്ങളും ആശങ്കകളും കറുത്തസൂര്യന്റെ പ്രകാശവും യുവത്വത്തിന്റെ പ്രതിജ്ഞകളും അടിമച്ചരിത്രത്തിന്റെ നിഴലാട്ടങ്ങളും എല്ലാം ഗോർമന്റെ വരികളിൽ മിന്നിമറയുന്നു. റോബേർട്ട് ഫ്രോസ്റ്റിനും മായാ ആജ്ഞലോയ്ക്കുംശേഷം അമേരിക്കൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഈ 2021-ൽ വീണ്ടും മനുഷ്യപക്ഷത്തിന്റെ കാവ്യസന്ദേഹ സന്ദേശങ്ങൾക്കൊണ്ട് മുഖരിതമായി.
പൂവൻപഴംകൊണ്ട് കഴുത്തറക്കുന്ന ലോകനീതിയുടെ വെളുത്തചോരയ്ക്ക് നേരെ സ്വയം കണ്ണാടിയായും തീജ്വാലയായും അമാൻഡ നിലകൊള്ളുന്നു. കുട്ടിക്കാലത്തെ സംസാരവൈകല്യം എന്ന പ്രതിബന്ധത്തെ എഴുതിയും വായിച്ചും കടന്നുവന്നവളാണ് അമാൻഡ. വാക്ക് അവർക്ക് നന്നായി വഴങ്ങുന്നത് അങ്ങനെയാണ്. വാക്കിന്റെ ആഫ്രിക്കൻ വംശവേരിന്റെ ചൂടും നനവും എരിവും പൊരിയും അവരിൽ ആഴ്ന്നിരിക്കുന്നു. അതിനാൽ വൈദ്യുതപ്പൂവിൽ തൊട്ടകണക്കെ അവരുടെ കവിത അപായസൂചന നൽകുന്നു. അതിനാൽത്തന്നെ ചരിത്രക്കുന്നേറാൻ അവർ വരുമ്പോൾ പൊയ്മുഖമണിഞ്ഞവരും പൊയ്ക്കാലിൽ നിൽക്കുന്നവരും വഴിമാറാതെ തരമില്ലല്ലോ!
കവിതയിലേക്ക്...
ഓരോ പുതിയ പ്രഭാതമെത്തുമ്പോഴും
ഞങ്ങൾ സ്വയം ചോദിക്കുന്നതിതാണ്:
ഒടുങ്ങാത്ത നിഴലാട്ടങ്ങൾക്കൊടുവിലെ
പ്രകാശത്തിനായി നാമെവിടെ തിരയണം!
നമ്മളേറ്റിനടക്കുന്ന തോൽവികൾ
നമ്മളാഞ്ഞുതുഴയേണ്ടയബ്ധികൾ
ജന്തുവിൻ കുടൽതാണ്ടുന്ന സാഹസം
മൗനസ്ഥൂലം ശാന്തതയല്ലെന്ന ധാരണ
രീതിശാസ്ത്ര ഗതിവിഗതികൾക്കൊപ്പം
ന്യായവാദങ്ങൾ നീ-തിയല്ലെന്നറിയവേ
ഞങ്ങൾ പൂർണമായി അറിയുന്നതിനുമുൻപേ
ഞങ്ങൾ പൂർണമായി ചെയ്യുന്നതിനുമുൻപേ
മേലിലും സുപ്രഭാതം നമ്മുടേതാണെന്നും
എങ്ങനെയൊക്കെയോ കണ്ടെതിർത്തും
കണ്ടറിഞ്ഞും കൊണ്ടുണർന്നും
ഇനിയും പൂർത്തിയാകാത്തൊരു രാജ്യം
ഇനിയും തകർക്കപ്പെടാത്തൊരു ജനത.
ഞങ്ങൾ ഒരു കാലഘട്ടത്തിന്റേയും
രാജ്യത്തിന്റേയും പിൻഗാമികൾ...
അതിനിടയിൽ കറുത്തു മെലിഞ്ഞൊരുവൾ
അടിമപ്പൂർവികരിൽ നിന്നിറങ്ങി വന്നവൾ
അമ്മ ഒറ്റയ്ക്ക് പോറ്റിവളർത്തിയോൾ
രാഷ്ട്രപതിസ്ഥാനം സ്വപ്നംകാണുവോൾ
ഒരൊറ്റയാൾക്കായി കവിതചൊല്ലുവോൾ
അതെ, നാഗരികതയിൽനിന്നും
പവിത്രതയിൽനിന്നും
ഞങ്ങൾ ഏറെയകലെയാണ്
എന്നാൽ, അതിനർഥം അഭിജ്ഞമായ
ഒരു സംഘംചേരലിന് ഞങ്ങൾ
ദാഹിക്കുന്നു എന്നല്ല.
നിശ്ചയലക്ഷ്യത്തോടെയുള്ള
ഒരേകീകരണത്തിനായി
പ്രയത്നിക്കുകയാണ് ഞങ്ങൾ.
സർവസംസ്കൃതികളോടും
വർണഭേദങ്ങളോടും
നൈസർഗികതകളോടും
സമ്പൂർണ പ്രതിബദ്ധതയുള്ള
ഒരു രാജ്യം രചിക്കാനായി
പൊരുതുകയാണ് ഞങ്ങൾ.
ആഴപ്പിളർപ്പുകൾ മറന്ന്
വിഭിന്നതകളെ കടന്ന്
ഞങ്ങളുടെ ഭാവിയെ
കൺമുന്നിൽ കാണുന്നു.
ആയുധങ്ങൾ താഴെവെച്ച്
കൈനീട്ടി പരസ്പരംതൊട്ട്
കൈത്താങ്ങാകുന്നു ഞങ്ങൾ.
ഈലോകമിതൊക്കെ
സത്യമോ മിഥ്യയോയെന്നോതട്ടെ:
ദുഃഖവഴിയിൽ വളർന്നവർ ഞങ്ങൾ
നൊന്തുകരഞ്ഞു പ്രതീക്ഷിച്ചവർ ഞങ്ങൾ
തളർന്നടിയുമ്പോഴും ശ്രമിച്ചവർ ഞങ്ങൾ
ഒരുമിച്ചുചേരുമ്പോൾ വിജയികൾ ഞങ്ങൾ.
ഇനിയും പരാജയപ്പെടില്ല എന്നല്ല
തോറ്റമ്പിയാലും ഭിന്നത വിതയ്ക്കില്ല ഞങ്ങൾ.
ഈ സത്യത്തിൽ
ഈ വിശ്വാസത്തിൽ
ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്...!
ഭാവിയിലേക്കുറ്റുനോക്കുന്ന ഞങ്ങളെ
ചരിത്രത്തിന്റെ കണ്ണുകൾ
ചുഴിഞ്ഞുനോക്കുന്നുണ്ട്.
ഇത് വീണ്ടെടുപ്പിന്റെ യുഗമാണ്
ഭയാശങ്കകളുടേതായിരുന്നു തുടക്കം.
ഭയവിഹ്വലനിമിഷങ്ങളുടെ
അവകാശികളാകാൻ
ഞാൻ തയ്യാറായിരുന്നില്ല.
അതിനുള്ളിൽ ഒരു ചാലകശക്തി
ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ,
പുതുപുത്തൻ അധ്യായമെഴുതാൻ
പുതിയ പ്രതീക്ഷയും ചിരിയും
സ്വയം പകർത്തിയെഴുതാനായി.
പുതിയപുലരി വിടരുമ്പോൾ
ഞങ്ങൾ സ്വയം സ്വതന്ത്രരാകുമ്പോൾ
ചുറ്റും തെളിഞ്ഞ വെട്ടമുണ്ട്.
നിർഭയരാണെങ്കിൽ മാത്രം കാണൂ
നിർഭയരാണെങ്കിലേ അത് കാണൂ...
Content Highlights: Writer Arya Gopi Comments and translates The poem The Hill We Climb Written by Amanda Gorman Recited on the occasion of American President Joe Biden Ascension