രു തള്ളിപ്പാച്ചിലിലെന്നമാതിരി
നിരവധി ചിന്തകളാണ്!
ഇവയൊന്നും എന്റേതല്ല.
ചിലതങ്ങനെ വന്ന്
കാഴ്ചപ്പുറത്തുതന്നെ വിഹരിയ്ക്കുന്നു. 
വാതില്‍ വിടവിലൂടെ
ചെരിഞ്ഞൊഴുകുന്ന വെയില്‍പ്പുഴയില്‍
തെന്നിനീന്തുന്ന പൊടിമീനുകളെപ്പോലെ. 

നീരൊഴുക്ക് നിന്ന് മെലിഞ്ഞൊതുങ്ങി
കുറച്ചെണ്ണം
അപ്രത്യക്ഷമാവുന്നുണ്ട്. 
തടുക്കാനായ് അണയാക്കുന്ന
കൈത്തലങ്ങളോട്
എതിരിട്ട് ചുവപ്പിച്ച്
പിന്നെ മങ്ങുന്നവയാണ് മറ്റുചിലവ. 
മതില്‍തൂവിയൊഴുകുന്നവയ്ക്ക് മുന്നില്‍
ഘനീഭവിച്ച് നില്‍ക്കുന്നു. 

ചിലത്
മറ്റേതോ പഴുതുകളിലൂടെ,
മറ്റേതോ ശിരസുകളിലൂടെ
കുത്തൊഴുക്കില്‍പ്പെട്ട്
ലഹരിപിടിപ്പിച്ചുകൊണ്ട്;
നില്‍ക്കാനാവാതെ യാത്രതുടരുന്നുണ്ടാവാം. 

വെയില്‍ച്ചീളില്‍നിന്ന് കൈവഴികളായ്
പിരിയുന്നവയില്‍നിന്ന്
പിടഞ്ഞുതെറിച്ച് മറ്റു ചിലത്
ഉണക്കപ്പായല്‍പോലെ
ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്നു;
ഉള്ളില്‍നിന്ന് അടര്‍ത്തിമാറ്റാനാവാതെ. 

വാതായനങ്ങള്‍ തുറന്നിടുമ്പോള്‍
കാണുന്ന നീലാകാശത്ത്,
നനഞ്ഞു നടക്കാനിറങ്ങുന്ന
നിലാമഴയത്ത്,
ഇരുളിന്റെ അജ്ഞാതദ്വീപുകളില്‍
ഒക്കെയവ
മാന്ത്രികക്കൂണുകളായ്
ഞൊടിയിടയില്‍ പെറ്റുപെരുകി,
തിളങ്ങുന്നു. 

കൈവശം വയ്ക്കുന്നത് കുറ്റമെന്നറിയുകയാല്‍
വിഭ്രാന്തജാള്യതയോടെ
പെറുക്കിശേഖരിച്ച്
പ്രകാശത്തിനു ഭേദിക്കാനാവാത്തൊരു
ഭരണിയിലിട്ട് കുഴിച്ചുമൂടി. 

ഒരു ജലകണികയെങ്ങാനും
സുഷിരങ്ങളിലൂടെ കിനിഞ്ഞിറങ്ങി
തൊട്ടുകുതിര്‍ത്തുകാണണം. 
പല രണ്ടിലകളായ് ഉയര്‍ന്ന്,
വേരുകള്‍ മണ്ണിലാഴ്ത്തി
പടര്‍ന്ന് പന്തലിച്ചൊരു
മരക്കൂട്ടം. 

എന്നോ തീര്‍ന്നൊരു
വര്‍ഷത്തിന്റെ ബാക്കികള്‍
പച്ചപ്പടര്‍പ്പുകള്‍ക്കുമേല്‍നിന്ന്
മിന്നല്‍ക്കണികകളായ്
ഇറ്റിറ്റുവീഴുന്നു. 

പറയാതെ വയ്യ!
എവിടെച്ചെന്നൊളിച്ചാലും
വീണ്ടുംവീണ്ടും
പുരാതനമായ വല്ലാത്ത ചിലത്
തിരഞ്ഞുപിടിച്ചെത്തുന്നുണ്ട്. 
മഴകളും, മിന്നലുകളും തിമിര്‍ത്തുതീരുമ്പോള്‍
പതിയെ അലകളൊടുങ്ങുന്ന
ജലപ്പരപ്പായി ഞാന്‍
അവശേഷിയ്ക്കുന്നുമുണ്ട്. 

Content Highlights ; Vilikkathe Varunnava poem by Prathibha Panikkar