ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഭാഷയിലെ വരിഷ്ഠകവിയ്ക്ക് പിന്‍തലമുറയിലെ കവയിത്രി കവിതയിലൂടെ അര്‍പ്പിക്കുന്ന വന്ദനം
നക്ഷത്രങ്ങളെടുത്തുടുത്തു കടലിന്‍
മീതേ നടപ്പുണ്ടൊരാള്‍-
അക്കിത്തം; മിഴിനീരിലാടുമവനീ-
ചിത്തത്തെ മുത്താക്കിയും,
അക്കൈക്കുമ്പിളിലാക്കി യുണ്മതെളിയും
തത്ത്വത്തെ രാവും നിലാ-
ക്കുത്തും ചേര്‍ത്തു മിനുക്കി, യുള്ളിലുണരും
ചൈത്യത്തില്‍ നീറാക്കിയും.
അക്കിത്തം ഗിരിമേല്‍; സമുദ്രസമമേ
പക്ഷങ്ങള്‍ നീര്‍ത്തുന്നു നാം,
രക്ഷയ്ക്കായ് ചെവി പാര്‍ത്തിടുന്നു, വചനം
സദ്വാര്‍ത്ത, സാമം, ശമം.
അക്ഷീണദ്യുതിയോലു മാര്‍ഹതനില-
യ്ക്കക്കിത്ത, മാപാദമേ
യക്ഷപ്രശ്‌ന മനന്തജന്മദുരിതം
സത്താക്കി സര്‍വോത്തമം.
സത്യം, ഞങ്ങളിലങ്ങിതാ കുലപതേ,
ഇപ്പോഴുമെപ്പോഴുമേ,
ദിക്കാലങ്ങളിലാത്മശാന്തിയരുളും
കൈവല്യ ഹര്‍ഷാംബുവായ്,
വൃക്ഷച്ഛായകള്‍ തോറുമോടിയിടയും
കാറ്റായ്, മഹാകാശമായ്,
അഗ്‌നിക്കുള്ളില്‍ നിതാന്ത ശുദ്ധിവിധിയായ്,
സ്വസ്ഥം! ചിരഞ്ജീവിയായ്...
Content Highlights: Vijayalakshmi's poem about Akkitham Achuthan Namboothiri