ശനിയാഴ്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'അദൃശ്യസാന്നിധ്യം' എന്ന അടിക്കുറിപ്പോടെയുള്ള വാര്‍ത്താചിത്രത്തെ ആസ്പദമാക്കി കവയിത്രി വിജയലക്ഷ്മി എഴുതിയ പ്രതികരണ കവിത. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെ കൈവരിത്തൂണുകളില്‍ യാത്രക്കാര്‍ സ്ഥിരമായി ചാരിയിരുന്നുണ്ടായ പാടുകള്‍ പകര്‍ത്തിയത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബി.മുരളീകൃഷ്ണന്‍

ആദരം! ഇതില്‍ ഞാനോ,
അന്യനോ സമാത്മാവോ?
ആവിയില്‍ ചവിട്ടിക്കൊ-
ണ്ടടരും പകല്‍, രാവോ?
വിയര്‍പ്പില്‍പറ്റും ചൂട്,
മെഴുക്ക്, ലോകം ചുറ്റും
പൊടിക്കൂട്ടുപ്പും കാറ്റും,
കാണാത്ത മായച്ചാന്തും
ചണ്ഡമാം അത്യുഷ്ണത്തിന്‍
മണ്ഡലി ചുറ്റിപ്പോകും
അന്തരീക്ഷത്തിന്‍ കാണാ-
ക്കോണിയില്‍ പടിക്കെട്ടില്‍
നിത്യയാത്രിയായ്, നീണ്ട
നിശ്ചലനിമേഷത്തെ
സ്വപ്നഗര്‍ഭത്തില്‍ നീറ്റി
പ്പോകുമൂഴിയെപ്പോലെ
നിസ്സഹായത, നീണ്ടു
നീണ്ട കാല്‍വരിപ്പാത,
എത്രയോ ദൂരെ, കാനല്‍
മേട്ടിലേയ്ക്കായും മാത്ര;
അഴികള്‍, കളങ്ങള്‍ക്കും
അറിയാത്താളങ്ങള്‍ക്കും
നടുവില്‍ കുടുങ്ങിപ്പോം
തുടിപ്പിന്‍ ആത്മച്ഛായ
ഒടുവില്‍ ലോകാന്തര
ശോകഭാരത്തില്‍ ശാന്തം
വിലയം പ്രാപിച്ചാലോ
വിട്ടൊഴിഞ്ഞകന്നാലോ
ഇടറും കണ്‍നീര്‍ച്ചാന്തില്‍
ഇരുളില്‍ ശേഷിച്ചെന്നാ
മിതുപോല്‍ മായാമോഹ
ശേഷമായാത്മച്ഛായ
ആളൊഴിഞ്ഞനാവൃതം
ഇതുപോലകത്തെന്നും
ആരവങ്ങള്‍ക്കപ്പുറം
ഉയിര്‍പ്പിന്‍ ആത്മച്ഛായ

കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മച്ഛായ
ലോകോത്തര നിലവാരമുള്ള ആത്മസ്പര്‍ശിയായ ഒരു ഉദാത്ത ചിത്രമാണ് ഈ കവിതയുടെ ഉറവിടം. മഹാമാരിക്കാലത്തും വാര്‍ത്താചിത്രങ്ങളെ ഉണര്‍ത്തുപാട്ടുകളാക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.

ചിത്രമെടുത്ത ബി. മുരളീകൃഷ്ണനു നന്ദി.

ഉയിര്‍പ്പുതിരുനാള്‍ വന്നെത്തിയിരിക്കുന്നു. ശാരീരികവും മാനസികവുമായ എല്ലാ മഹാവ്യാധികളില്‍നിന്നും മോചിതരായി ലോകജനത ഉയിര്‍ക്കട്ടെ. കരുണയുടെയും സ്‌നേഹത്തിന്റെയും നിത്യദീപം നമുക്കിടയില്‍ ജ്വലിക്കുമാറാകട്ടെയെന്ന് കോടാനുകോടി സഹോദരങ്ങള്‍ക്കൊപ്പം ഈ കവിതയും കൈകൂപ്പുന്നു.

Content Highlights: Viyalakshmi Malayalam Poem Aathmachaaya