ലോകപ്രസിദ്ധ ഫോട്ടോഗ്രാഫറായ ഒന്റ്റി കാര്‍ത്തിയെ ബ്രസ്സോ 1952-ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍, കേരള കലാമണ്ഡലവും സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അദ്ദേഹം പകര്‍ത്തിയ ഈ കുട്ടിയാണ് പിന്നീട് കലാമണ്ഡലം ഗോപിയായി വളര്‍ന്നത്. ബ്രസ്സോയുടെ മുന്നില്‍ അല്പം ലജ്ജയോടെ നിന്ന കുട്ടിയില്‍നിന്ന് ഗോപി, വേഷഭംഗിയുടെയും മനോധര്‍മ മേന്മകളുടെയും ദൂരങ്ങള്‍ താണ്ടി. മേയ് 23-ന് ശതാഭിഷിക്തനാകുന്ന ഗോപിയാശാനെ വണങ്ങിക്കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയെഴുതിയ വരികളാണിവ. ഇവിടെ മൂന്ന് പ്രതിഭകള്‍ സംഗമിക്കുന്നു: കാര്‍ത്തിയെ ബ്രസ്സോ, കലാമണ്ഡലം ഗോപി, വിജയലക്ഷ്മി

ജാലകത്തിലനഘാംഗുലീചലന
ജാലഭാസ്സൊടു നഭസ്സിതാ,
ധീരനൈഷധനൃപന്റെ ജീവന മ -
ധീരവാഴ്വിനഴലാറ്റുവാന്‍
ബാലഗാത്രമിതിലാവഹിപ്പതിന -
മേയമാനിത പകര്‍ന്നതിന്‍
ഖേദതാപതിമിരങ്ങള്‍മായ്ച്ചുദയ
താരശോഭയെഴുതുന്നുവോ?

നിത്യയോഗശതമബ്ദമൊത്തു വരു-
മിദ്ദിനത്തില്‍ ഹൃദയേശനായ്
ചുട്ടി കുത്തി മലയാണ്മ ; കേളിയൊടു
നിത്യയൗവന നിലാപ്പദം

സുപ്തമാം മുഖവസന്തചാരുതയി
ലൊത്ത ഹസ്തഹിതമുദ്രയില്‍
ശില്പജന്മവടിവില്‍ത്തെളിഞ്ഞ ഭവ -
സപ്തസാഗരകഥായുതം,
സ്നിഗ്ധമാം കളിവിളക്കില്‍ വാണരുളു -
മഗ്നിദേവനു രസാന്വിതം
മുഗ്ധമാനസനിവേദ്യമായ് പകരു -
മിത്തപസ്സിനു ശുഭാഞ്ജലി !

Content Highlights; Vijayalakshmi, Kalamandalam Gopi, Henri Cartier-Bresson