റോഡിനോട് ചേര്‍ന്നാണ്
ബാലേട്ടന്റെ ഓടിട്ട വീട്
അതിനപ്പുറത്താണ്
ആമിനാത്തയുടെ വാര്‍പ്പ് വീട്
ബാലേട്ടന്‍ ആമിനാത്തയോട്
മിണ്ടാറില്ല
ആമിനാത്തയുടെ മോന്‍ അസീസും
ബാലേട്ടന്റെ മോന്‍ സുശാന്തും
തമ്മില്‍ കണ്ടാല്‍ മുഖം തിരിക്കും
എന്നാലും അവരുടെ
വീടുകള്‍ തമ്മില്‍ വഴക്കൊന്നുമില്ല!
ഓടിട്ട വീട് മൂത്തതാണ്
ടെറസ് വീടിന് ഓടോട്
നല്ല ബഹുമാനമാണ്
വേനല്‍ക്കാലത്ത് ടെറസിന്റെ ഉച്ചി
ചുട്ടുപൊള്ളുമ്പോള്‍
ഓടിട്ട വീട് തണുപ്പിന്റെ കുടം കമഴ്ത്തും!
മഴക്കാലത്ത് ഓടില്‍ തൂങ്ങിയാടുന്ന
മരം കേറി മഴയെ നോക്കി
ടെറസ് വീട് ചിരിക്കും!
ഒരിക്കല്‍ മുട്ടനൊരു തേങ്ങ
ഓടിന്റെ പുറം പൊളിച്ചു
അത് മാറ്റിയിടും വരെ
ടെറസ് വീട് കണ്ണുപൂട്ടിയിട്ടില്ല
കള്ളന്‍ ആ വഴിക്കെങ്ങാന്‍
ബാലേട്ടന്റെ വീട്ടില്‍ കേറിയാലോ?
ആമിനാത്തേന്റെ കൊച്ചുമോള്‍
ടെറസില്‍ കയറിയാല്‍ പിന്നെ
ഓട് വീട് തലപൊക്കിനോക്കും
അവളുടെ ചിലങ്ക കിലുക്കം
കേള്‍ക്കാന്‍ തന്നെ ഹരമാണ്!
ആമിനാത്ത ബിരിയാണി
വയ്ക്കുന്ന ദിവസം
ടെറസ് വീട് ജനല്‍ തുറന്നിടും
ഓട് വീട്ടിലെ പൊട്ടിയ ജനലില്‍ക്കൂടി
ബാലേട്ടന്റെ വീട്ടില്‍
ബിരിയാണിമണം കേറിയിറങ്ങും
പകരം ബാലേട്ടന്റെ ചന്ദനത്തിരിമണം
ഓട് വീട്
കാറ്റത്തേക്ക് പറത്തിവിടും
അതു പാറിപ്പാറി
ടെറസുവീടിന്റെ നെറ്റിയില്‍
ഭസ്മം തൊടും!
ഇപ്പോള്‍ ഓട് വീട് മുതുക്കനായി
ടെറസ് വീട് മധ്യവയസ്‌കനായി
ഇരുവര്‍ക്കും പുറകിലായി
ഒരു വല്യവീട്
പേരറിയാത്ത
ആരോ പണിയുന്നുണ്ട്
അവന്‍ വല്യ ഗമക്കാരനാണെന്നാണ്
ഓട് വീട് പറഞ്ഞത്
എന്നാലും രണ്ട് വീടുകള്‍ക്കും
അവനോട് പിണക്കമൊന്നുമില്ല
കൂട്ടുകൂടാനല്ലാതെ ഇങ്ങനെ
തലയുയര്‍ത്തി നില്‍ക്കുന്നതെന്തിന്?
സ്നേഹിക്കാനല്ലാതെ
ഇക്കണ്ട മുറികള്‍ക്കുള്ളില്‍
ഇവരൊക്കെ
പാര്‍ക്കുന്നതെന്തിന്?

Content Highlights : Veettukaryam poem by M. Sandhya