ട്ടിണി പാകമാകുമടുപ്പിലെ കലത്തില്‍ 
ഇടയ്ക്കിടെ തിളച്ചു കരിമ്പുക കഞ്ഞി,
നിലവിളിയൊച്ചയാല്‍ പാഞ്ഞുപോയൊരാംബുലന്‍സിന്റെ 
മരണവെപ്രാളങ്ങള്‍
ഇടതടവില്ലാതലറി പരവശപ്പെട്ടു ചകിതരായാളുകള്‍,
വെടിപ്പുകച്ചുരുളുകള്‍ ആകാശമേലാപ്പില്‍ ഇരുട്ട് 
രാക്ഷസരായലറി നില്‍ക്കുന്നു.
നിറങ്ങള്‍ തിടമ്പേറ്റുമാ പൂരപ്പറമ്പിലെ കെട്ടുകാഴ്ച
ചന്തങ്ങള്‍ നിറയും വഴികളില്‍,
വര്‍ണ്ണ ബലൂണുകള്‍, പമ്പരം,പീപ്പിയുമൊക്കെ പൊട്ടിച്ചിതറിത്തെറിക്കവേ
കുത്തിയോട്ടച്ചുവടുറച്ചോരു മണ്ണിനെ ഒറ്റമാത്രയില്‍ ചുടലക്കളമാക്കി കതിനപ്പുര.

കെട്ടടുപ്പിലെ കനലിളക്കിപ്പെരുപ്പിക്കവേ
കത്തിയെരിഞ്ഞു കരിന്തിരിയായൊരു ജീവിതത്തിന്‍ നിലവിളക്കിലെ ക്ലാവ് പോല്‍,
ഉയിരുമുടലുമറ്റ് അച്ഛനുമമ്മയും മുന്നിലെത്തി നില്‍ക്കുന്നൊരു വെള്ളപ്പുതപ്പിലായി.
വിസ്മയാകാശക്കൂടാരങ്ങളില്‍ വര്‍ണ്ണജാലങ്ങള്‍ വിടര്‍ത്തുവാന്‍,
ആഹ്ലാദ മത്താപ്പു പൊട്ടിച്ചുന്മാദ നൃത്തമാടിയാപ്പൂര 
ലഹരിയില്‍ തിമിര്‍ത്തുല്ലസിക്കാനെത്തിയെങ്കിലും,
ഏതു കൈപ്പിഴയാലെന്നറിയില്ലയിന്നും നിമിഷാര്‍ദ്ധവേഗത്തിലമര്‍ന്നതാം കമ്പപ്പുര,
പരവശപ്പുഴ നീന്താനറിയാതെ ഒടുങ്ങി, 
ജീവനായവരുമൊടുക്കത്തെ ഉത്സവക്കാഴ്ചയായ്,തുഴപോയ തോണിയായി...

Content Highlights: Utsavakkazhchakal poem by Bindu Thejas