ള്ളിയിലെ ഉറൂസിനു 
പോയി വരുന്ന വഴി
ഉറുമാമ്പഴം വാങ്ങി
വഴിയില്‍ക്കണ്ട നങ്ങേലിക്ക്
കൊടുത്തു.
ഇതെന്താ, വല്ല നേര്‍ച്ചയുമുണ്ടോ
എന്നവരെന്നെ കളിയാക്കി.
ഉറുമാമ്പഴത്തിന്റെ തൊലിമിനുസത്തില്‍
എന്റെ വരണ്ട കവിളിലെന്ന പോലെ
അവരുമ്മ വച്ചു.
ഞാനതൊട്ടും കണ്ടില്ലെന്നു നടിച്ച്
ഒപ്പോപ്പം നടന്നു.

നടപ്പിലൊരിടത്തു വച്ച്
അയിശുക്കുട്ടി മുന്നില്‍ വന്നു ചാടി.
ഇതെന്താ പ്രസാദമോ? 
എന്നുംപറഞ്ഞവള്‍
ഉറുമാമ്പഴം കൈക്കലാക്കി
അതിനൊരുമ്മ കൊടുത്തു.

നങ്ങേലി ഓട്ടക്കണ്ണിട്ട്
എന്നെ നോക്കി.
ഞാനതുള്ളിലടക്കി
ഒന്നുമറിയില്ലെന്നൊരു
ചൂളം കുത്തി.

ചൂളം കേട്ടിട്ടാവണം
മറിയ വേലിപൊളിച്ചു വന്ന്
എന്റെ കൈയില്‍പ്പിടിച്ചു.
ആ പിടിവിടാനായി
അയിശുക്കുട്ടി ഉറുമാമ്പഴം 
മറിയയുടെ കൈയിലിട്ടു കൊടുത്തു.

ഉറുമാമ്പഴത്തെ മറിയ
മാറി മാറിയുമ്മ വച്ചു.
മറ്റുള്ള രണ്ടു പേരും എന്നെയും
മറിയയേയും കുത്തിനോവിക്കുമ്പോലെ
തുറിച്ചു നോക്കി.

എനിക്കാകട്ടെ എന്തു ചെയ്യണമെന്ന്
ഒരു നിശ്ചയവുമില്ലാതായി.
ഞാനാ ഉറുമാമ്പഴം വാങ്ങി
തൊലിയടര്‍ത്തി
അതിന്റെ ചുവന്ന അല്ലികള്‍
അവരുടെയോരോരുത്തരുടേയും
കൈക്കുമ്പിളിലേക്കിട്ടു കൊടുത്തു.

എന്റെ വിരലറ്റം
അശ്ലീലമായി
ചുവന്നു തുടുത്തിരുന്നു!

Content Highlights : Urumambazham Poem by Rajan C H