പെയിന്റിംഗുകള്‍        

എല്ലാ മ്യൂസിയങ്ങളും എന്നെ ഭയപ്പെടുന്നു,
കാരണം ഓരോ തവണയും ഒരു പെയിന്റിങ്ങിന് മുന്നില്‍
ഞാന്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിക്കുന്നു
അടുത്ത ദിവസം അവര്‍ പ്രഖ്യാപിക്കുന്നു
പെയിന്റിംഗ് അപ്രത്യക്ഷമായെന്ന്.

എല്ലാ രാത്രിയും ലോകത്തിന്റെ മറ്റൊരു ഭാഗത്ത്
മോഷ്ടിക്കുമ്പോള്‍ ഞാന്‍ പിടിക്കപ്പെടുന്നു
പക്ഷേ ഞാന്‍ അത് കാര്യമാക്കുന്നില്ല
എന്റെ ചെവിയിലേക്ക് ചീറിയടിക്കുന്ന വെടിയുണ്ടകളെയോ
ഒപ്പം തന്റെ പ്രിയപ്പെട്ടവളുടെ സുഗന്ധദ്രവ്യം 
അറിയാവുന്ന പ്രണയിതാവിനെക്കാള്‍ നന്നായി
എന്റെ കാലടികളുടെ ഗന്ധത്തിലേക്ക്
എത്തുന്ന പോലീസ് നായ്ക്കളെയോ

എന്റെ ജീവന്‍ അപകടത്തിലാക്കിയ ക്യാന്‍വാസുകളോട് ഞാന്‍ സംസാരിക്കുന്നു,
മേഘങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും അവ തൂക്കിയിടുന്നു
ചില കാഴ്ചപ്പാടുകള്‍ക്കായി പിന്നോട്ട് നില്ക്കുന്നു.
നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഇറ്റാലിയന്‍ മാസ്റ്റേഴ്‌സിനെ 
സംഭാഷണത്തില്‍ ഉള്‍പ്പെടുത്താം.

നിറങ്ങളുടെ എന്തൊരു ആരവം!
അതിനാല്‍ ഞാന്‍ പിടിക്കപ്പെട്ടു
ദൂരെ നിന്നേ കണ്ടും കേട്ടും
അവരോടൊപ്പം വളരെ വേഗം,
എന്റെ കയ്യില്‍ ഒരു തത്ത ഉള്ളത് പോലെ

മോഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് റെംബ്രാന്‍ഡ് ആണ്:
ഒരു കൈ നീട്ടുക, അവിടെ ഇരുട്ടുണ്ട് -
ഭീകരത നിങ്ങളെ പിടികൂടുന്നു, അയാളുടെ ആളുകള്‍ക്ക് ശരീരമില്ല,
ഇരുണ്ട നിലവറകളില്‍ അടച്ച കണ്ണുകള്‍ മാത്രം

വാന്‍ ഗോഗിന്റെ ക്യാന്‍വാസുകള്‍ ഭ്രാന്താണ്,
അവര്‍ തല ചുഴറ്റുകയും കറക്കുകയും ചെയ്യുന്നു
അതുകൊണ്ടു രണ്ടു കൈകൊണ്ടും
മുറുകെ പിടിക്കണം
ചന്ദ്രനില്‍ നിന്നുള്ള ഒരു ശക്തിയാല്‍ അവ വലിച്ചെടുക്കപ്പെടുന്നു.

എന്തുകൊണ്ടെന്ന് എനിക്കറിയില്ല, ബ്രൂഗല്‍ എന്നെ കരയാന്‍ പ്രേരിപ്പിക്കുന്നു.
അവന്‍ എന്നെക്കാള്‍ പ്രായമായിരുന്നില്ല,
എന്നാല്‍ അവര്‍ അവനെ വൃദ്ധന്‍ എന്ന് വിളിച്ചു
കാരണം മരിക്കുമ്പോള്‍ അവന്‍ എല്ലാം അറിഞ്ഞിരുന്നു.

ഞാനും അവനില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നു
പക്ഷേ എന്റെ കണ്ണുനീര്‍ സ്വര്‍ണ്ണ ഫ്രെയിമുകള്‍ക്ക് മുകളിലൂടെ
ഒഴുകുന്നതില്‍ നിന്ന്  തടയാന്‍ കഴിയുന്നില്ല
എന്റെ കക്ഷത്തില്‍  'ദ ഫോര്‍ സീസണു'മായി ഞാന്‍ ഓടുമ്പോള്‍.

ഞാന്‍ പറഞ്ഞതുപോലെ, എല്ലാ രാത്രിയും
ഞാന്‍ ഒരു പെയിന്റിംഗ് മോഷ്ടിച്ചു
അസൂയാവഹമായ സാമര്‍ഥ്യത്തോടെ.
പക്ഷേ വഴി വളരെ നീണ്ടതാണ്

അങ്ങനെ ഞാന്‍ അവസാനം പിടിക്കപ്പെട്ടു
പിന്നെ രാത്രി വൈകി വീട്ടിലെത്തി
നായ്ക്കള്‍ കീറിമുറിച്ച കഷണമായി തളര്‍ന്ന്
വിലകുറഞ്ഞ അനുകരണ ചിത്രം എന്റെ കൈകളില്‍ പിടിച്ചുകൊണ്ട്.

- മാരിന്‍ സോറെസ്‌ക്യു , വിവര്‍ത്തനം: സുനില്‍ ജോസ്


ശരല്‍ക്കാലത്തോട്

നേര്‍ത്തതാം മഞ്ഞും കനിത്തുടുപ്പും ചേര്‍ന്ന കാലമേ, സൂര്യനാം മിത്രവും നീയുമായ്
ചാര്‍ത്തീ കനിക്കനം പുല്ലുമാടത്തിന്റെ
ചൂഴവേ പായുമാ മുന്തിരിക്കൊടികളില്‍,
ചായുമാറാക്കീ 
 പഴങ്ങളാല്‍ പായലിന്‍
പച്ചപ്പുടുത്തതാം
പ്രാന്തവൃക്ഷങ്ങളെ ,
തേന്‍ കഴമ്പേകീ പഴത്തിനെല്ലാറ്റിനും ,
ചേലില്‍ത്തടിപ്പിച്ചു
വെള്ളരിക്കായ്കളെ,
ചേര്‍ത്തൂ തുടുപ്പിനിപ്പും ഹെയ്‌സലിന്‍ കടും- തോടാര്‍ന്ന കായ്മണിക്കുളളിലെല്ലാടവും,
പൂക്കാലമെന്നേ കഴിഞ്ഞു പോയെങ്കിലും
തേന്‍കൂടു നന്നേ നിറഞ്ഞു പോയെങ്കിലും
വീണ്ടും വിടര്‍ത്തീയൊടുങ്ങാത്ത പൂക്കള-
പ്പൂക്കാലമിന്നും തുടര്‍ന്നു പോം മാതിരി .

കാണാതെ പോകുന്ന താരുവാന്‍, നിന്നെയി -
ക്കാലമെല്ലാടവും ? കാണാമിരിപ്പതായ് 
ചേലില്‍ക്കളപ്പുര
ക്കാറ്റില്‍പ്പറക്കുന്ന തൂമുടിച്ചാര്‍ത്തുമായ് 
 നീ വെറും തറയിലായ്,
പാതിയേ കൊയ്തുള്ള പാടത്തവീന്‍ പൂക്കള്‍
മോന്തിത്തളര്‍ന്നങ്ങുറങ്ങുന്ന ചേലിലായ് ,
ചോലയ്ക്കു മേലേയുതിര്‍മ്മണിച്ചു മടുമായ്-
ചോടു തെറ്റാതെ നീ നടനടക്കുന്നതായ്,
ആപ്പിളിന്‍ ചക്കില്‍ നിന്നിറ്റിറ്റു വീഴുന്ന
തേന്‍തുള്ളികള്‍ക്കുറ്റു കാത്തിരിക്കുന്നതായ്.

പൊയ്‌പ്പോയി വാസന്ത ഗീതങ്ങളെങ്കിലും
നിന്‍ പാട്ടിലീണം തുളുമ്പുന്നിതിപ്പൊഴും !
പൂമുകില്‍ താന്തമായ് കണ്ണടയ്ക്കും പകല്‍ -
വേള തന്‍ മേനിയില്‍ പൂവു ചാര്‍ത്തുമ്പൊഴും 
ചായുന്ന സായാഹ്നരശ്മികള്‍ ശൂന്യമാം
 പാടത്തു ചെന്നിറച്ചേലു ചേര്‍ക്കുമ്പൊഴും
കേള്‍ക്കാമതാറ്റുവഞ്ഞിത്തോപ്പിലെക്കാറ്റു
താണൊടുങ്ങുമ്പോളുയര്‍ന്നു താഴും ഷഡ്പ്പ-
ദാരവങ്ങള്‍ തന്‍ വിലാപാര്‍ത്തനാദമായ്,
ദൂരെയക്കുന്നില്‍ നിന്നാട്ടിന്‍ കരച്ചിലായ്,
വേലിയില്‍ച്ചീവീടു പാടും രവങ്ങളായ്,
അങ്കണത്തോപ്പിലെച്ചെറുകിളിച്ചൂളമായ് ,
പോകാനൊരുങ്ങുന്ന മീവലിന്‍ കൂട്ടങ്ങള്‍
വാനിലൊന്നിച്ചൊത്തു പാടുന്ന ഗീതമായ്.

- ജോണ്‍ കീറ്റ്‌സ്, വിവര്‍ത്തനം - സജയ് കെ.വി.


നീയിവിടെയുണ്ടായിരുന്നെങ്കിലെന്ന്

നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു
പ്രിയമുള്ളവളെ,
നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോവുന്നു.
സോഫയില്‍ നീയും 
നിന്റെയരികില്‍ ഞാനുമിരുന്നിരുന്നെങ്കില്‍
എന്നാഗ്രഹിച്ചു പോവുന്നു.
ഈ തൂവാല നിന്റേതാവാം,
താടിയിലേക്കൊഴുകുന്ന കണ്ണീര്‍ച്ചാലെന്റേതാവാം;
അല്ല, തിരിച്ചുമാവാം,
തീര്‍ച്ചയായും തിരിച്ചുമാവാം.

നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു
പ്രിയമുള്ളവളെ,
നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോവുന്നു.
നമ്മള്‍ നമ്മുടെ കാറിലായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു.
നീ ഗിയര്‍ ഷിഫ്റ്റു ചെയ്‌തേനേ.
നാമേതോ അജ്ഞാത തീരമെത്തിയേനേ.
അല്ല, ചിലപ്പോള്‍, നാം പുറപ്പെട്ടിടത്ത്
തിരിച്ചെത്തുമായിരുന്നേനേ.

നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു,
പ്രിയമുള്ളവളെ,
നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോവുന്നു.
നക്ഷത്രങ്ങള്‍ ഉണരുന്നത് കാണുമ്പോള്‍,
ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും വീര്‍പ്പെടുത്തും കിടക്കുന്ന പുഴയെ
നോട്ടം കൊണ്ടളക്കുന്ന ചന്ദ്രനെ കാണുമ്പോള്‍,
ജ്യോതിശ്ശാസ്ത്രമറിയാത്ത ഒരുവനായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോവുന്നു.
നിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍
ഒറ്റരൂപാ നാണയമായിരുന്നു ഇപ്പോഴും ചാര്‍ജെങ്കില്‍, എന്നാഗ്രഹിച്ചു പോവുന്നു. 

പ്രിയമുള്ളവളെ,
ഈ അര്‍ദ്ധഗോളത്തില്‍
എന്റെ പോര്‍ച്ചില്‍
ഇത്തിരി മദ്യം മോന്തിയിരിക്കവേ
നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു പോവുന്നു. 

സന്ധ്യയായി. സൂര്യന്‍ താണു താണു പോവുന്നു;
കുട്ടികളുടെ ആര്‍പ്പ്; നീര്‍പ്പക്ഷികളുടെ കരച്ചില്‍.

മരിക്കാനാണെങ്കില്‍
പിന്നെ 
മറന്നിട്ടെന്ത് കാര്യം!?

- ജോസഫ് ബ്രോഡ്‌സ്‌കി, പരിഭാഷ: ഡോ. അരുണ്‍ലാല്‍ മൊകേരി

Content Highlights: Translations of poems written by Marin Sorescu, Keats, Joseph Brodsky