ബോര്‍ഹെസിന്റെ To John Keats​ എന്ന കവിത സജയ് കെ.വിയുടെ വിവര്‍ത്തനത്തില്‍ വായിക്കാം

പിറവി 
തൊട്ടകാലമൃതിയോളവും നിന്നെ
കാത്തു തക്കം പാര്‍ത്തിരുന്നു ഒരു ഭയാനക സൗന്ദര്യം,
അപരരെക്കാത്തു പതിയിരിക്കുന്ന
ഭാഗ്യ- നിര്‍ഭാഗ്യങ്ങളെപ്പോലെ.

ലണ്ടനിലെ പ്രഭാതങ്ങളിലോ
അവിചാരിതമെന്നോണം
ഒരു പുരാണനിഘണ്ടുവിന്റെ താളുകളിലോ
പതിവു പകലിന്റെ സാധാരണ പാരിതോഷികങ്ങളിലോ
ഒരു മുഖത്തിലോ ശബ്ദത്തിലോ
ഫാനിയുടെ മര്‍ത്ത്യാധരത്തിലോ അതു നിന്നെ കാത്തിരുന്നു.

ഓ, മരണാനന്തരമുള്ള കീറ്റ്‌സ്,
ഭൂമിയില്‍ നിന്നു  തട്ടിപ്പറിക്കപ്പെട്ടവനേ,
കാലത്താല്‍ അന്ധനായവനേ,
ഉയരത്തിലെ രാപ്പാടിയും യവനകലശവുമല്ലോ
നിന്റെ നിത്യത, ഝടുതിയില്‍ കടന്നു പോയവനേ .
അഗ്‌നിയായിരുന്നു നീ, സ്മൃതി ശാദ്വലത്തില്‍ നീ ചാരമല്ല,
വെളിച്ചം.

Content Highlights: To John Keats by Jorge Luis Borges poem Malayalam translation