വേഗം

രണ്ടു കൊല്ലം
വേഗം പിന്നിട്ടിരുന്നെങ്കില്‍!
ഒരു കൊല്ലം വേഗം പോയെങ്കില്‍!
ഓടിപ്പോയെങ്കില്‍
ഒരാറു മാസം
വേണ്ട, ഒരു മാസം,
ഒരാഴ്ച്ച
രണ്ടു ദിവസം...

എങ്കില്‍
തിരകള്‍ക്ക് വേഗം അടങ്ങാമായിരുന്നു.
കാറ്റിന് വേഗം ശമിക്കാമായിരുന്നു
തീയിന് താഴാമായിരുന്നു
മുറിവിന് വേഗം ഉണങ്ങാമായിരുന്നു.

ബാല്യത്തില്‍ വീടു വിട്ടിറങ്ങിയ യാത്രികന്
വിദൂരങ്ങളിലലഞ്ഞുതിരിഞ്ഞ്
വാര്‍ദ്ധക്യത്തില്‍ വീട്ടില്‍ തിരിച്ചെത്തി
വേഗം വീണു കിടന്നു മരിക്കാമായിരുന്നു.

ദഹനം

ഒന്നും ശരിയാംവണ്ണം
ഉള്‍ക്കൊള്ളാന്‍ കഴിയാതെ
കുളമായിപ്പോയ ആ ദിവസം
രാത്രി
ഇടിമിന്നലോടെ മഴ പെയ്തു.

പിറ്റേന്നു വെയിലില്‍
മഴവെള്ളം പൂര്‍ണ്ണമായുമുള്‍ക്കൊണ്ടു
കുളിര്‍ത്തു തെളിഞ്ഞ ഭൂമി.
നനവൂര്‍ന്നുപോയ പുല്ലുകള്‍ക്കടിയില്‍
നനഞ്ഞ മണ്ണ്.

അവിടവിടെ
ഒന്നു രണ്ടു ചെറു കുഴികളില്‍ മാത്രം
ഇത്തിരി ചെളിവെള്ളം,
വറ്റിപ്പോകാതെ.

ഒന്നും ഉള്‍ക്കൊള്ളാനാവാതെ
എല്ലാം തേട്ടിത്തേട്ടി
പുറന്തള്ളിക്കൊണ്ടിരിക്കുന്ന
കണ്ണോടെ
ഞാനാ ചെളിവെള്ളം കാണുന്നു.
അതും മണ്ണിലേക്ക് മെല്ലെ മെല്ലെ
വറ്റിത്താഴുന്നതറിയുന്നു.

ഇരുവര്‍

1
മുറിയില്‍ കയറി വാതിലടച്ചു.
പുതപ്പുകൊണ്ട് ദേഹം മൂടി
ചുമരും ചാരിയിരുന്നു.
ഇപ്പോള്‍ മുറി നിറച്ചും താനാണ്.
മുറിയില്‍ തന്നെ കിഴിച്ചാല്‍ പിന്നൊന്നുമില്ല.
തനിക്കും നാലു ചുമരുകള്‍ക്കുമിടയിലെ
നേര്‍ത്ത വിടവല്ലാതെ.
ആ വിടവിന് സുഖകരമായ ഇളംചൂട്.
ഇതു മാത്രം മതി.
മറ്റൊന്നും വേണ്ട.
കണ്ണുകളിറുക്കിയടച്ചു.
താന്‍ ഒന്നും ചെയ്തിട്ടില്ല.
ആരും ഒന്നും ചെയ്തിട്ടില്ല.

2
മുറിയില്‍ കയറി വാതിലടച്ചു.
പുതപ്പുകൊണ്ടു ദേഹം മൂടി.
ചുമരും ചാരിയിരുന്നു.
ഇപ്പോള്‍ ഈ മുറിയുടെ ഒരു മൂലയിലാണു താന്‍.
മുറിയിലെ നൂറു വസ്തുക്കള്‍ക്കടിയില്‍.
ആരും തന്നെ കാണരുത്.
തനിക്കു തന്നെയും
തന്നെ കാണരുത്.
പക്ഷേ കാണുന്നു.
ഈ പുതപ്പിനുള്ളിലെയിരുട്ടില്‍
കൃഷ്ണമണിയുരുളുന്നു.
താന്‍ എന്തോ ചെയ്തു.
ആരോ എന്തോ ചെയ്തു.

 ഒരു പ്രദര്‍ശനത്തിന്റെ ഓര്‍മ്മ
(സി. പഴനിയപ്പന്)

താങ്കളുടെ സംഘടന നടത്തിയ ഒരു പ്രദര്‍ശനം 
കാണാന്‍ വന്നതോര്‍ക്കുന്നു.
കനമുള്ള ബ്രയില്‍ പുസ്തകങ്ങള്‍
നിരത്തിവെച്ചിരുന്നു.
അവയുടെ പേര് മലയാളലിപിയില്‍ എഴുതിയൊട്ടിച്ചത്
കാണാനില്ലിപ്പോള്‍.
പുസ്തകങ്ങള്‍ തയ്യാറാക്കുന്ന യന്ത്രങ്ങള്‍
ഉണ്ടായിരുന്നിരിക്കണം.
ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം
എന്നിവ പഠിക്കാന്‍ പറ്റിയ ചില ഉപകരണങ്ങള്‍
കാണുന്നു നിഴലുകള്‍ പോലെ.
ബീജഗണിതവും ക്ഷേത്രഗണിതവും പഠിക്കാനുള്ള ഉപകരണങ്ങളുടെ
വക്കുകളും മുനകളും മാത്രം തടയുന്നു.
ഓരോ ഉപകരണത്തിനുമരികെ
വിശദീകരിക്കാന്‍ നിന്നിരുന്ന സുഹൃത്തുക്കളെ
പരിചയപ്പെടുത്തിയും തന്നു.
ആ മുഖങ്ങളിപ്പോള്‍ തെളിയുന്നില്ല.
എന്തെല്ലാമുപകരണങ്ങള്‍
അവിടെയുണ്ടായിരുന്നെന്ന്
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ഇന്നു വിളിച്ചു ചോദിക്കേ
സന്ദര്‍ശകഡയറിയില്‍ അന്നു ഞാനെഴുതിയ
ആശംസാവാക്യം കൂടിയുദ്ധരിക്കുന്നൂ താങ്കള്‍.
ഒരു സന്ദര്‍ശകഡയറി
അവിടെയുണ്ടായിരുന്നത്
കാണാന്‍ ശ്രമിച്ചു കലങ്ങുന്നൂ ഞാന്‍.

 കൃപ

കെട്ടിടത്തിന്റെ താഴേ നിലയിലെ
അടഞ്ഞ വാതുക്കല്‍
വന്നു നില്‍ക്കുന്ന സന്ദര്‍ശകനെ
ഫ്‌ലാറ്റിനകത്തെ സ്‌ക്രീനില്‍ കാണാം.

എത്ര നേരമായി 
ഒരു സെയില്‍സ് ഗേള്‍ അവിടെ നില്‍ക്കുന്നു.
ഓരോ ഫ്‌ലാറ്റു നമ്പര്‍ അവള്‍ അമര്‍ത്തുമ്പോഴും
ഓരോ ഫ്‌ലാറ്റിലെ സ്‌ക്രീനിലും
ആ മുഖം മാറിമാറിത്തെളിയുന്നു.

ഓരോ ഫ്‌ലാറ്റിലേക്കും വേണ്ട
ഒരായിരം സാമഗ്രികളുമായി
തുറക്കാത്ത വാതിലിനു മുന്നില്‍ 
ഏറെ നേരം നിന്ന്
അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍
ഞാന്‍ പിന്‍വിളി വിളിക്കുന്നു.

ഞാന്‍, 
അവളുടെ കൈയ്യിലുള്ളതെല്ലാം
വാങ്ങിക്കാന്‍ 
അതിനകം തീരുമാനിച്ചു കഴിഞ്ഞ
ദാ, ആ കാണുന്ന 
കൃപാവാരിധിയായ ഫ്‌ലാറ്റ്.

വിടാതെ

കടവില്‍ വന്നു ഞാനൊഴുക്കു നോക്കുമ്പോള്‍
നുരകുത്തിപ്പുളച്ചൊഴുകുന്നുണ്ടത്.

പുലകുളിക്കുവാനിറങ്ങി മുങ്ങുമ്പോള്‍
പൊടുന്നനെ വറ്റിവരണ്ടുപോകുന്നു.

പുലയൊടുങ്ങാതെ മടങ്ങിപ്പോകുമ്പോള്‍
പിറകില്‍ പിന്നെയും നിറഞ്ഞൊഴുകുന്നൂ.

മറുകര നോക്കിത്തുഴയും തോണിയില്‍
പരേതന്‍ കൈചൂണ്ടിപ്പരിഹസിക്കുന്നു.

പുഴക്കു ചിന്തിക്കാനിട കിട്ടും മുമ്പേ
തിരിഞ്ഞോടിച്ചെന്നു കുതിച്ചുചാടുന്നു.

അതുകൊണ്ടെ,ന്തെന്നെപ്പുലകുളിക്കുവാന്‍
വിടാതതു വീണ്ടും വരണ്ടുണങ്ങുന്നു.

Content Highlights : Six poems by P Raman