ജയിലറുമായുള്ള സംഭാഷണത്തിന്റെ അവസാനം

എന്റെ ഇടുങ്ങിയ ജയിലറുടെ ജാലകത്തിലൂടെ
മരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതും
പുരപ്പുറത്ത് എന്റെ കുടുംബത്തിന്റെ തിക്കും തിരക്കും ഞാന്‍ കാണുന്നു.
ജാലകങ്ങള്‍ തേങ്ങിക്കരയുന്നതും എനിയ്ക്കു വേണ്ടി 
പ്രാര്‍ത്ഥിക്കുന്നതും 
ഞാന്‍ കാണുന്നു.
എന്റെ ഇടുങ്ങിയ ജയിലറയുടെ ജാലകത്തില്‍ നിന്ന്,
നിന്റെ വലിയ ജയിലറ 
ഞാന്‍ കാണുന്നു.

അടയാള ശീട്ടുകള്‍

ഞാന്‍ കൊല്ലപ്പെടുന്ന ദിനം
എന്റെ കൊലയാളി
എന്റെ കീശയില്‍ 
അടയാള ശീട്ടുകള്‍ കാണും.
ഒന്ന് സമാധാനത്തിന്,
ഒന്ന് വയലിനും മഴയ്ക്കും,
മറ്റൊന്ന്
ദീന വാത്സല്യത്തിന്റെ മനസ്സാക്ഷിയ്ക്ക്.
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,
എന്നെ കൊന്ന നീ
ഇറങ്ങിപ്പോകൂ.

ഉച്ചനേരത്തെ തുറന്നു പറച്ചില്‍

ഞാനൊരു മരം നട്ടു.
അതിന്റെ കായ്കനികളെ 
ഞാന്‍ നിന്ദിച്ചു.
അതിന്റെ തായ്ത്തടിയെ 
ഞാന്‍ വിറകായെടുത്തു.
ഞാനൊരു
തന്ത്രിവാദ്യമുണ്ടാക്കി
ഞാനീണം നല്‍കി.
ഞാനാ വാദ്യം പൊട്ടിച്ചു.
കായ്ഫലം നഷ്ടപ്പെട്ടു
ഈണം നഷ്ടപ്പെട്ടു.
ഞാന്‍... മരം കരഞ്ഞു.

സമീഹ് അല്‍ ഖാസിം(1939-2014)

ശ്രദ്ധേയനായ പലസ്തീനി കവി. ഒട്ടേറെ കവിതാ സമാഹാരങ്ങള്‍. പേജന്റ്‌സ് ഓഫ് ദി സണ്‍ എന്ന ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് പത്തൊമ്പതാം വയസ്സിലാണ്. ഇസ്‌റായേലി കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം കുറച്ചു കാലം ജയിലില്‍ അടക്കപ്പെട്ടു.

Content Highlights: Samih al-Qasim poems Malayalam translation