വിഖ്യാത അമേരിക്കന്‍ കവയിത്രി മേരി ഒലിവര്‍ എഴുതി ഗദ്യഘടനയുള്ള കവിതയായ ഓഗസ്റ്റിന്റെ മലയാള പരിഭാഷ വായിക്കാം. സജയ് കെ.വിയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 

ല്ല കിളരവും ചുറുചുറുക്കുമുള്ള ,ചെമ്പന്‍മുടിക്കാരിയായ ഞങ്ങളുടെ അയല്‍ക്കാരിക്ക്, കുറേ മക്കളുടെ അമ്മയുമാണവര്‍, സുഖമില്ല. അവര്‍ രോഗിണിയായ കാര്യം ഞങ്ങളറിഞ്ഞില്ല. അവര്‍ വേലിക്കലോളം വന്നു, ഉടലിനകത്ത് ഒരു വാള്‍ നിലയ്ക്കു നിര്‍ത്താന്‍ പാടുപെടുന്ന ഒരുവളേപ്പോലെ. അതു മാത്രവുമല്ല, അവരുടെ നീണ്ട മുടി പൊയ്‌പ്പോയിരുന്നു .ഇപ്പോള്‍ അതിനു തീരെ നീളമില്ല ,പെട്ടെന്ന് നരയ്ക്കുകയും ചെയ്തു. ഞാന്‍ അവരെ തിരിച്ചറിഞ്ഞില്ല, അത് അവരുടെ അമ്മയായിരിക്കുമെന്ന്, കൂടെക്കൂടെ, തോന്നുകയും ചെയ്തു. പക്ഷേ ശബ്ദം അവരുടേതു തന്നെ, ചിരിയുടെ അലുക്കു പിടിപ്പിച്ചത്, വേലിക്കപ്പുറത്തു നിന്ന് വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കുന്നത്.

ഒരോ വേനല്‍ക്കാലത്തും മക്കള്‍ സന്ദര്‍ശകരായെത്തി.(അപ്പോഴേയ്ക്ക് അവര്‍ മുതിര്‍ന്നു കഴിഞ്ഞിരുന്നു, ചിലര്‍ക്ക് മക്കളുമുണ്ടായിരുന്നു). അവര്‍ നീന്തി, തുറമുഖത്തിലൂടെ നീണ്ട സവാരികള്‍ നടത്തി, പന്ത്രണ്ടും പതിനഞ്ചും ഇരുപതും പേര്‍ക്ക് വെച്ചുവിളമ്പി. അതിരാവിലെ രണ്ടു പെണ്‍മക്കള്‍ പൂന്തോട്ടത്തിലേയ്ക്കു വരും,'  തായ് ചി' യുടെ കണിശവും നിശ്ശബ്ദവുമായ അടവുകള്‍ പയറ്റും.

അവരെല്ലാവരും പുഞ്ചിരിക്കുന്നു. അവരുടെ അച്ഛനും പുഞ്ചിരിക്കുന്നു, കടപ്പുറത്ത് കുട്ടികളോടൊപ്പം കോട്ട കെട്ടുന്നു, നഗരത്തിലേയ്ക്കും നഗരത്തില്‍ നിന്ന് തിരിച്ച് ഗ്രാമത്തിലേയ്ക്കും വാഹനമോടിക്കുന്നു. ഒരു കൊല്ലനെ അവര്‍ പണിക്കു നിര്‍ത്തി, ഒരു മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തി ,ഒരു പൂമുഖം പുതുക്കിപ്പണിതു. ഇളകിയിരുന്നവയെല്ലാം ഉറപ്പിച്ചു.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ്.എല്ലാ ദിവസവും ഞങ്ങള്‍ അയല്‍ക്കാരുടെ  ചിരി കേള്‍ക്കുന്നു. ഞാന്‍ വാന്‍ ഗോഗിന്റെ ചിത്രത്തെപ്പറ്റി ആലോചിക്കുന്നു, കസേരയിലിരിക്കുന്ന മനുഷ്യന്‍. എല്ലാം തകരാറിലാണ്,എങ്ങും പോകാനുമില്ല. കൈകള്‍ കൊണ്ട് അയാള്‍ കണ്ണുപൊത്തിയിരിക്കുന്നു.

Content Highlights: Sajay KV Translates the prose poem August by Mary Oliver