കസുകോ ഷിറായ്ഷി, അന്നാ അഖ് മത്തൊവ,,ഒക്ടോവ്യോ പാസ് എന്നിവരുടെ കവിതകള്‍ക്ക് സജയ് കെ.വി നല്‍കിയ വിവര്‍ത്തനം വായിക്കാം

കാല്‍പ്പന്തുകളിക്കാരന്‍ - കസുകോ ഷിറായ്ഷി

യാള്‍ ഒരു കാല്‍പ്പന്തുകളിക്കാരന്‍
ദിവസേന പന്തുരുട്ടുന്നു
ഒരുനാള്‍ അവന്‍ പ്രണയത്തെ ആകാശത്തേയ്ക്ക് അടിച്ചുയര്‍ത്തി അതു പിന്നെ താഴെ വന്നില്ല.

ആളുകള്‍ കരുതി,
അത് സൂര്യനോ ചന്ദ്രനോ ഒരു പുതിയ നക്ഷത്രമോ ആണെന്ന് .

എന്റെ ഉള്ളിലുമുണ്ട്,
ഒരിക്കലും താഴേയ്ക്കു വീഴാതെ ആകാശത്തില്‍ തങ്ങിപ്പോയ ഒരു പന്ത്.

നോക്കൂ,
അത് തീയും പ്രണയവും നക്ഷത്രവുമാകുന്നത്.

സ്വപ്‌നത്തില്‍ - അന്നാ അഖ് മത്തൊവ

കറുത്ത വേര്‍പാടിന്നിരുണ്ട ശൂന്യത
പകുക്കയാണു നാമിരുവര്‍ തുല്യമായ്.
കരയുന്നോ? വേണ്ട, കരം നീട്ടൂ, വീണ്ടും
വരാമെന്നേകണമെനിക്കു വാക്കു നീ.
കനത്ത പര്‍വ്വതം കണക്കിരുവര്‍ നാം,
അടുത്തുകൂട, രാവിരുട്ടില്‍ സന്ദേശ-
മയയ്ക്ക, നക്ഷത്ര -
ലിപിയില്‍, നീരവം.

കാറുകള്‍ക്കിടയില്‍ ഒരു ചിത്രശലഭം- ഒക്ടോവ്യോ പാസ്

കാറുകള്‍ക്കിടയില്‍ ഒരു ചിത്രശലഭം.
മേരി ഹോസേ പറഞ്ഞു: ചുവാങ് സൂ ആയിരിക്കും,
മഹാനഗരം കാണാനിറങ്ങിയത്.
പക്ഷേ ചിത്രശലഭം,
താന്‍ ചുവാങ്‌സുവാണെന്നു സ്വപ്നം കാണുന്ന ശലഭമാണെന്നോ
ശലഭമാണെന്നു സ്വപ്നം കാണുന്ന ചുവാങ്‌സുവാണെന്നോ അറിഞ്ഞില്ല.
അത് വിസ്മയംകൂറിയതുമില്ല.
അത് പറന്നു.

Content Highlights : Sajay KV translates the poems of Anna Akhmatova Kazuko Shiraishi and Octovio Paz