കൊതിയെനിക്കു നിൻ
ചൊടി, മുടി, മൊഴി -
യിവ മുകരുവാൻ.
ഒരപ്പവും പുഷ്ടി തരുന്നതില്ലെനി-
ക്കൊരല്പവും തുഷ്ടി
പകരാതായ് പ്രഭാ-
മയം, പ്രഭാതവും.
ഒരു നായാടി പോൽ നടപ്പു ഞാൻ നിന്റെ
ദ്രവപദങ്ങളാൽ
കുളിർന്നടങ്ങുവാൻ.

എനിക്കു വേണം നിൻ ചിരിമണിയൊലി, ഒരു കാടൻ കൊയ്ത്താം വിളഞ്ഞ കയ്യുകൾ,
നഖങ്ങൾ തൻ മങ്ങിമിനുങ്ങും കല്ലുക-
ളെനിക്കു നിൻ തൊലി മുഴുബദാം പോലെ വിഴുങ്ങുവാൻ കൊതി.

എനിക്കു വേണം നിന്നുടൽപ്പളുങ്കിന്മേൽ-
ച്ചിതറും വെയ് ലൊളി,
മദഭരിതമാം മുഖത്തു രാജകീയോ -
ജ്വലമാം നാസിക,
എനിക്കു തിന്നുവാൻ കൊതി നിൻ കൺപീലി
നിഴലിൻ നീലിമ.

വിശന്നുഴന്നു ഞാൻ നടക്കുന്നൂചുറ്റും,
ഇരുൾവെളിച്ചത്തിൻ
മണം പിടിക്കുന്നൂ,
എനിക്കു നായാടിപ്പിടിക്കണം തപ്ത -
ഹൃദയമേ നിന്നെ,യൊരു കാടൻ പൂച്ച
മരുഭൂവിൽ സ്വന്ത -
മിര പിടിക്കും പോൽ.

Content Highlights : Sajay KV Translates Pablo Neruda Love Sonnet XI