വിഖ്യാത ഐറിഷ് കവിയും നാടകകൃത്തും എഴുത്തുകാരനുമായ വില്യം ബട്ലർ യേറ്റ്സിന്റെ 'വെൻ യു ആർ ഓൾഡ്' എന്ന കവിത സജയ് കെ.വിയുടെ വിവർത്തനത്തിൽ വായിക്കാം.

വൃദ്ധയായ്, നരച്ചു നിദ്രാധീനം നെരിപ്പോടി-
നരികത്തിരുന്നു നീയുറക്കം തൂങ്ങുമ്പോഴീ
പുസ്തകം തുറന്നതു മന്ദ്രമായ് വായിക്കുക.
ഒരു നാളഗാധമായ്, ശ്യാമമായ്, സുസ്നിഗ്ധമാ-
യിരുന്ന നിൻ നേത്രങ്ങൾ കിനാവിൽ വീണ്ടും കാൺക.
എത്ര പേ,രനുരക്തരായി നിൻ സമാഹ്ളാദ-
സുന്ദരമുഹൂർത്തത്തിൽ, എത്രപേരാകൃഷ്ടരായ്
നിന്മുഗ്ധ സൗന്ദര്യത്തിൽ- നേരായും പൊയ്യായുമേ.
അന്നാളുമൊരാൾ മാത്രം സ്നേഹിച്ചു നിന്നുള്ളിലെ
തീർഥചാരിയാം പാവമാത്മാവിൻ വിശുദ്ധിയെ;
നിത്യചഞ്ചലം നിന്റെ മുഖദർപ്പണത്തിലാ
ദു:ഖരേഖകൾ ചാർത്തും ശ്യാമമാംനിഴൽകളെ.
സവിഷാദമാ,വഹ്നിദീപ്തമാം നെരിപ്പോടി-
ന്നരികിൽ കുനിഞ്ഞിരുന്നിതു നീ മന്ത്രിക്കുക-
എങ്ങനെയതിദ്രുതം പൊയ്പ്പോയി നിൻ പ്രേമമെ-
ന്നെങ്ങനെയതിന്മുഖം ഛന്നമായുഡുക്കളാൽ
പർവ്വതോപരിനിശാകാശത്തിൽ ലയിച്ചെന്നും!

ContentHighlights: Sajay K V Translates the poem' When You are Old 'Written by WB Yeats