എസ്. കലേഷ് രചിച്ച കാതിലോല എന്ന കവിത കവിയുടെ സ്വരത്തിൽ. ദൃശ്യാവിഷ്കാരം: വി.ബാലു

കവിത വായിക്കാം

ഉന്മാദങ്ങളിൽ 
ജീവിതം പിണഞ്ഞ ഒരുവളെ
ഞാൻ സ്നേഹിക്കുന്നു.
ഒരു വൈകുന്നേരം 
അവളറിയാതെ
അവൾക്കു പിറകെ പോയി.
അവളലഞ്ഞ വഴിയിൽ
മൈൽക്കുറ്റിമേൽ 
തുന്നാരൻകുരുവിയായി ചൂളംകുത്തി;
അവളൊരു മറുചൂളം മുഴക്കി.
മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി;
കാൽവിരൽ നീട്ടി 
മടമ്പിലേക്ക്
അവളെന്നെ നടത്തി.
വേനൽമഴയിൽ
മിന്നൽക്കൊടിയായി ജനലിൽ മുട്ടി;
അത് ചൂണ്ടുവിരലിൽ തൂത്തെടുത്ത്
അവൾ വിളക്കു കത്തിച്ചു.
പാതിരാവിൽ പൂഴിമണമായി; 
ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.
ഉറക്കിൽ കിനാവായി കടന്നു;
ഉണർവ്വോ, കിനാവോ നീയ്?
ഇരുട്ടിലവൾ തിരിഞ്ഞുകിടന്നു.
തിരികെ വരുമ്പോൾ
കാതിലോലയായി 
ചെവിയിലണിഞ്ഞു
അവളുടെ ചുരുളൻ മുടിനാര്.

Content Highlights: S.Kalesh, Poem, Animation, Books