മെഴുകുതിരി
കാറ്റത്തണയാതെ
ചിരട്ട കൊണ്ട്
മറച്ചു പിടിച്ച്
മലയിലെ വീട്ടിലേക്ക്
ചില രാത്രികളിൽ
ഞാൻ യാത്ര പോകുന്നു

മല കയറുമ്പോൾ
ഓരോ നടയിലും
ഒരു കവിത
ഒരു കഥ
ഒരു പാട്ട്
ഒരു പാട് സ്വപ്നങ്ങൾ
ഇറക്കി വയ്ക്കുന്നു

കെട്ടു പോയാൽ
കത്തിക്കാൻ
കൊള്ളികൾ
കുറവെന്ന ഓർമ്മ
ശക്തമായ കാറ്റിലും
തിരി കെടാതിരിക്കാൻ
സൂക്ഷ്മതയേകുന്നു

യാത്രയിലാകെ
പട്ടികളുടെ നീണ്ട കുര
ചിലത് നീട്ടി കൂവുന്നു
കാലന്റെ വരവത്രേ ...

പരിചിതമല്ലാത്ത മണം
ഏതോ പാമ്പ്
വാപൊളിക്കുന്നതിന്റെതെന്ന്
ആരോ പറഞ്ഞതിൻ
ഓർമ്മ

പെട്ടെന്ന്
റബർ മരത്തിന്റെ
മണ്ണിൽ പൊന്തി നിൽക്കുന്ന
വേരുകൾ
പാമ്പിൻ കുഞ്ഞുങ്ങളാവുന്നു

വഴിയിൽ
ഒടിഞ്ഞു വീണു കിടന്ന
മര കക്ഷണം
എന്റെ കാൽ തട്ടിയതേ
ജീവൻ വച്ച്
പെരുമ്പാമ്പാകുന്നു

ശക്തമായൊരു കാറ്റിൽ
മെഴുകുതിരി അണയുന്നു

ഇരുട്ടാണോ
പെരുമ്പാമ്പാണോ
ഒന്നെന്നെ
വിഴുങ്ങിയിരിക്കുന്നു!

Content Highlights :Rathriyathra Malayalm Poem by Josil Sebastian