രണ്ടു സ്ത്രീകൾ പ്രണയിക്കുമ്പോൾ
ഒരുവളുടെ കവിതയിൽ പഴച്ചാറു
രുചിയ്ക്കും.
രണ്ടാമത്തവളുടെ രാത്രികൾക്ക്
ഇലഞ്ഞി മണക്കും.
തൊട്ടുനോക്കുമ്പോൾ
ഒരേയിടങ്ങളിൽ
ഒരേയാഴത്തിൽ
ഒരേപാകത്തിൽ
വെന്തപാടുകൾ കാണും.
വാക്കൊഴുക്കിൽ
ഓർമ്മമുറിവുകളൊന്നാകെ
തടവിയുണക്കും.
ചേർന്നു നിൽക്കുമ്പോൾ
ഹൃദയത്തിലെ
മരുഭൂമിക്കുഴികൾ നിറയും.
തണുക്കും...
വിരലുകളിൽ വേണം
ആദ്യമെന്നെ ചുംബിക്കുവാൻ
എന്നൊരുത്തിയോർമ്മിപ്പിക്കും.
തന്നെയെഴുതിയെഴുതി
ഒത്തപെണ്ണാക്കിയവളുടെ
ചൂണ്ടാണി വിരലിൽ
പ്രണയത്തിന്റെ തേനീച്ചയിരമ്പം
കേൾക്കുന്നെന്നൊരുവൾക്ക് തോന്നും.
ചൂഴ്ന്നുനോക്കുമ്പോൾ
കണ്ണുകളിലെ നിലാവെട്ടത്തിൽ
നാലു ചെമ്പകയല്ലികൾ കാണും...
ചെമ്പരത്തിയേക്കാളും
ഒരുവൾ ചുകക്കും.
അശ്വവേഗത്തിൽ ഒരുവളുടെ
ഹൃദയം കുളമ്പടിയ്ക്കും.
തമ്മിലുമ്മ വയ്ക്കുമ്പോൾ
ഒരിലഞ്ഞി നിന്നനില്പിൽ
പൂക്കുന്നെന്ന്...
നിന്റെ ഒടുവിലത്തെ കവിതയിൽ
മുഴുക്കെ ഞാൻ മുങ്ങിക്കിടക്കുമെന്ന്...
വിരലിടുക്കിൽ പൂവള്ളികൾ
പിണഞ്ഞു കേറുന്നെന്ന്
ഒരു വേനലിറങ്ങിപ്പോവുന്നെന്ന്
പരസ്പരം നിശ്വാസപ്പെടും!