ധ്യാഹ്നമായിരുന്നു
നീ പോയ നേരം. ആകാശത്തില്‍ സൂര്യന്‍
തീക്ഷ്ണതയോടെ പ്രകാശിച്ചു. 
എന്റെ ജോലികളെല്ലാം തീര്‍ത്ത്
ഞാന്‍ മട്ടുപ്പാവില്‍ തനിച്ചിരുന്നു,
നീ പോയ നേരം.

അകലെയുള്ള പാടങ്ങളുടെ മണങ്ങളും പേറി
ഇടയ്ക്കിടെ ചടുലമായ കാറ്റു വീശി.
തണലുകളില്‍ പ്രാവുകള്‍
അക്ഷീണമായി
കുറുകിക്കൊണ്ടിരുന്നു.
അകലെയുള്ള പാടങ്ങളുടെ വൃത്താന്തവുമായി
എന്റെ മുറിയില്‍ അലഞ്ഞെത്തിയ ഒരു തേനീച്ച
മര്‍മ്മരഗാനം പൊഴിച്ചു.

ഗ്രാമം ഉച്ചച്ചൂടില്‍
ഉറങ്ങിക്കിടന്നു.
വീഥി വിജനം.
ഇടയ്ക്കിടെ 
ദലാരവം
ഉയര്‍ന്നടങ്ങി.
ഞാന്‍ ആകാശത്തില്‍
കണ്ണു നട്ടിരുന്നു
എനിക്കറിയാവുന്ന ഒരു പേരിന്റെ അക്ഷരങ്ങള്‍
അതിന്റെ നീലിമയില്‍
നെയ്തു കൊണ്ട്,
ഗ്രാമം ഉച്ചച്ചൂടില്‍ ഉറങ്ങുമ്പോള്‍.

ഞാന്‍ എന്റെ
മുടി പിന്നിയിടാന്‍ മറന്നു.
അലസനായ ഇളംകാറ്റ്
അതുമായെന്റെ കവിളില്‍ കളിയാടി.
അലകളൊതുങ്ങിയ പുഴ
തരുച്ഛായകളിലൂടെ ശാന്തമായൊഴുകി.
മടിയരായ വെണ്‍മുകിലുകള്‍
ഒന്നനങ്ങിയതു കൂടിയില്ല.
ഞാന്‍ എന്റെ
മുടി പിന്നിയിടാന്‍ 
മറന്നു.

മധ്യാഹ്നമായിരുന്നു
നീ പോയ നേരം.
പാതയിലെ പൊടിമണ്ണ്
ചൂടു പിടിച്ചിരുന്നു,
പാടങ്ങള്‍ വിമ്മിക്കിതയ്ക്കുകയും.
ഇടതൂര്‍ന്ന ഇലച്ചാര്‍ത്തില്‍
പ്രാവുകള്‍ കുറുകി.
ഞാനെന്റെ മട്ടുപ്പാവില്‍
തനിച്ചിരിക്കുകയായിരുന്നു,
നീ പോയ നേരം.

Content Highlights: Rabindranath Tagore poem Malayalam translation