തിളങ്ങുന്ന നീലകണ്ണുകളുള്ളവളെ,
എന്റെ പ്രിയപ്പെട്ട സ്ലാറ്റ...

ഇന്നലത്തെ സ്വപ്നത്തിൽ
കണ്ണീരുകൊണ്ടഞ്ജനമെഴുതിയ
നിന്റെ കണ്ണുകൾക്ക് കീഴെ
കെട്ടുപോയൊരു വിളക്കിൻ
കരിന്തിരി പുകഞ്ഞുകൊണ്ടിരുന്നു.

നേരമിരുട്ടിയിട്ടും
ഷെല്ലുകൾ വന്നുവീഴുന്നു,
വെടിവെപ്പിന്റെ
തോരാത്ത പെരുമഴ.
ഒരു നേരിയ
ഇരുണ്ട വെളിച്ചത്തിനു കീഴെയിരുന്ന്
നീ എനിക്കുള്ള കത്തുകളെഴുതി-
ക്കൊണ്ടേയിരിക്കുന്നു.

യുദ്ധത്തെക്കുറിച്ചും
നിന്നെക്കുറിച്ചും
യുദ്ധകാല സരയേവോയെ-
ക്കുറിച്ചുമെഴുതിയ
കത്തിന്നലെ കിട്ടിയിരുന്നു.

അതിലെനിക്ക്;
കരയിൽക്കിടന്ന്
പിടയുന്ന മീനിനെപ്പോലുള്ള
നിന്റെ മനസ്സ് നിഴലിച്ചു കാണാം.

ഇവിടത്തെ പുഴയ്ക്ക്
നിന്റെ കണ്ണുകളിലന്നു ഞാൻ കണ്ടിരുന്ന നിലാവിന്റെ നിറമാണ്.

യുദ്ധം
തണുപ്പ്
വിശപ്പ്
നഷ്ടബാല്യം
എന്നിവയെക്കുറിച്ചെഴുതിയ
നിന്റെ കത്തുകൾ
വായിക്കുമ്പോൾ
ഞാനാ പുഴയിൽ
നീന്തിതുടിയ്ക്കാറുണ്ട്

പൂക്കളില്ലാത്ത,
പൂമ്പാറ്റകളില്ലാത്ത
വസന്തകാലങ്ങളെക്കുറിച്ച്
നീ പറയുമ്പോൾ
നിലയ്ക്കാത്ത നിലവിളികൾക്കുള്ളിലെ
ഓർമ്മകളുടെ ശവശരീരങ്ങൾ
എനിക്കിവിടെയിരുന്നു നോക്കിക്കാണാം.

കുട്ടികളിൽ നിന്നു
ചോർന്നുപോയ ബാല്യത്തെ കാണാം,
തീഷ്ണാനുഭങ്ങളുടെ
മഹാകാവ്യങ്ങൾ തന്നെയായിരുന്നു
നിന്റെ ഒരോ കത്തുകളും...
എന്നിട്ടും
അതിലൊരു
പ്രതീക്ഷയുടെ തീജ്വാല
അണയാതെ ആളിക്കത്തുന്നു.

ഭീതിയുടെയും നരകയാതനയുടെയും
പടവുകളിൽ
ചോര തളംകെട്ടി കിടക്കുമ്പോഴും
ഒതുക്കിവെച്ച
ചിറകുകൾക്കൊണ്ട്
നീയി ലോകത്തിനു മുകളിൽ
ഒരാകാശം കെട്ടിപ്പടുത്തു.

അതിൽ
നീ വരച്ചുകാട്ടിയ
നിന്റെ ഡയറിക്കുറിപ്പുകൾ
അതിരുകൾ ഭേദിച്ചുപ്പറന്നു
നിന്നിലേക്കു ചെറുതായ
ആ വലിയ ലോകത്ത്

വർണ്ണശബളമായ
പൂന്തോട്ടത്തിന്റെ
സുഗന്ധം പരക്കുന്നു.
എന്ന് നിന്റെ സ്വന്തം മിമ്മി.

*മിമ്മി-സ്ലാറ്റയുടെ ചത്തുപോയ പ്രിയപ്പെട്ട സ്വർണ്ണമത്സ്യം

സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ: 'സരയേവോയിലെ ആൻ ഫ്രാങ്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ലാറ്റ എന്ന പതിനൊന്നുകാരിയുടെ നാൾവഴിക്കുറിപ്പുകൾ, വംശഹത്യയും യുദ്ധവും തകർത്തുകളഞ്ഞ സരയേവോജനതയുടെ തീക്ഷ്ണാനുഭവങ്ങളുടെ ചരിത്രസാക്ഷ്യം.

Content Highlights : Priyappetta Slattakk ninte Swantham Mimmy poem Writtenby Sujith Surendran