ഒരു പൂര്‍വ കലാലയ ജീവിത സ്മരണയില്‍
ഒരുനിമിഷമെന്‍ ഓര്‍മകള്‍ ഒളി വീശി നിന്നു.
ഓര്‍ക്കാപ്പുറത്തെന്‍ ഫെയ്സ് ബുക്കിലാവാര്‍ത്ത  
ഒളിമിന്നി എന്‍ കണ്ണുകളിലപ്രതീക്ഷിതമായ്... 

മനസ്സിടറി, ഞാനെഴുതി തിടുക്കത്തിലായിരം 
മിഴിപ്പൂക്കള്‍ നിറച്ചൊരനുശോചനകുറിപ്പൊന്നു
'പ്രാര്‍ത്ഥിക്കുന്നു നിന്നാത്മാവിനായെന്നേക്കും 
ആശ്വസിപ്പിക്കട്ടെ നിന്‍ കുടുംബത്തെയീശ്വരന്‍!'

'വില്‍സാ' പ്രിയ സുഹൃത്തേ വിട പറഞ്ഞു നീ    
വിദൂരദയില്‍ വസിക്കുന്നുവെങ്കിലും നിന്‍ മൃദു  
ഓര്‍മകള്‍ നിഴലായ് തണുപ്പിലും തലയുയര്‍ത്തും  
ഓക്കു മരം പോല്‍ വന്നു നില്കുമെന്‍ മനതാരില്‍.
 
നിന്‍ പുഞ്ചിരി, പൊട്ടിചിരിപ്പിക്കും തമാശകള്‍,
കഥകള്‍, കള്ളത്തരങ്ങള്‍ ഒക്കെയുമിപ്പോള്‍, 
പടരുന്നൊരു വ്യഥയായ്, പിന്നെ കാര്‍മേഘമായ്,
പെയ്തിറങ്ങുന്ന മഴയായീ കവിതയായീരാവില്‍

വെള്ളയുടുപ്പും മുണ്ടുമുടുത്തൊരു നേതാവായി
വോട്ടുകള്‍ ചോദിച്ചു കാമ്പസ്സിലലഞ്ഞപ്പോള്‍... 
തോളോട് തോള്‍ ചേര്‍ന്ന് നടക്കുവാന്‍ വന്നവന്‍ 
തോല്‍ക്കാതെ സമരങ്ങളില്‍ കൂട്ടു നിന്നവന്‍ നീ

സ്വര്‍ഗത്തില്‍ പോയി തിരിച്ചു വന്നവര്‍ പലരും 
സ്വന്തമനുഭവം യൂടൂബില്‍ വിവരിക്കവേ ഓര്‍ത്തു 
ആ മനോഹര തീരത്തില്‍ മാലാഖമാരോടൊപ്പം 
ആനന്ദിക്കുന്നുണ്ടാവും നീയും മുന്‍പേ പോയവരും  

കണ്ണുനീര്‍ ഇല്ലാത്ത നാട്ടില്‍, അസൂയയും ചതിയും
കാണാത്ത നാട്ടിലെത്തുന്നവര്‍ തന്നെ ഭാഗ്യവാന്മാര്‍!     
ഇഷ്ടമില്ലാ നരരോടുകൂടെയുള്ള വാസത്തെക്കാള്‍ 
ഈശ്വരനോടപ്പമുള്ള വാസം തന്നെ സുഖപ്രദം!

മനുജന്‍ മരിക്കവെ അവനുടെ ഫേസ്ബുക്കും 
മരിക്കുന്നു പാസ് വേര്‍ഡ് തെറ്റിയഴലിയെങ്ങോ  
കൂട്ടുകാര്‍ അവനെ അണ്‍ഫ്രണ്ട് ചെയ്യുന്നാ ദുഃഖം 
കാണാതിരിപ്പാനും മറക്കാനുമൊരിക്കലായി,,,

ഇതാണ് സുഹൃത്തേ ജീവിതമെങ്കില്‍ നീയും 
ഇന്നലയുടെ തിക്താനുഭവങ്ങലൊരിക്കലായി മറക്കൂ     
പൊറുക്കുക ചെറു തെറ്റുകള്‍ പറ്റിയെങ്കിലറിയാതെ, 
പുനഃസ്ഥാപിക്കണമറ്റുപോയ ബന്ധങ്ങള്‍ മറക്കാതെ !

Content Highlights: porukkuka Cheru thettukal, Malayalam Poem