ആദിയിലേ വേര്‍പിരിഞ്ഞവളേ- റില്‍ക്കേ
വിവര്‍ത്തനം സജയ് കെ.വി

അണയാതൊരിക്കലുമെന്റെയിക്കൈകളില്‍
ആദിയിലേ വേര്‍പിരിഞ്ഞവളേ,
അറിയില്ലെനിക്കു നിന്നിഷ്ടഗാനം,
ആസന്ന -
നിമിഷത്തിരകളിലാമഗ്‌നനായ് നിന്നെയറിയാതെ പോകയാല്‍.

അതിവിദൂരമാം ഭൂഭാഗ ചിത്രങ്ങള്‍,
പല മിനാരങ്ങള്‍, പാലങ്ങള്‍,
നീളെ നീളുന്ന വഴിയില ജ്ഞേയമാം
വളവുകള്‍, ദൈവസാന്ദ്രമാം നാടുകള്‍ -
ഇവയിലെല്ലാമഗമ്യയാം നിന്നെയേ
പരതി ഞാനിത്ര കാലവും വ്യര്‍ത്ഥമായ്.

എങ്കിലും പറയാം പ്രിയേ, സ്വപ്നമോഹിനീ
നീയാണു ഞാന്‍ കണ്ട  പൂന്തോട്ടമൊക്കെയും.

ആരോ തുറന്നിട്ട ഗ്രാമീണജാലകം
പറയുന്നു പോയീ പുറത്തേയ്ക്കിതാ കാണി -
നേരമേയായുള്ളു, കാണുവാനെന്നെ നീ.
അറിയാതെ ഞാന്‍ ചെന്നുചേര്‍ന്നതാം പാതകള്‍ പറയുന്നു നീ പോയതൊരു മാത്ര മുന്‍പെന്ന്.
അരഞൊടിക്കപ്പുറം നിന്‍മുഖം ബിംബിച്ച
കണ്ണാടിയെന്‍മുഖം കാട്ടുന്നു,ചകിതമായ്.

അറിയുവതാര്‍? ഒരേ പക്ഷിയാവാം
മാറ്റൊലിക്കൊണ്ടത്, നിന്നിലുമെന്നിലും, ഇന്നലെസ്സന്ധ്യയില്‍.

പല ഉത്തരാഖ്യാനങ്ങളില്‍ ഒന്ന് - പസ്സോളിനി
വിവര്‍ത്തനം: അരുണ്‍ലാല്‍ മൊകേരി

ഏയ്, നിനെറ്റോ, നമ്മള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്ത
ആ സ്വപ്നം ഓര്‍മ്മയില്ലേ..?
ഞാന്‍ കാറിലാണ്, ഒറ്റക്ക് ഡ്രൈവ് ചെയ്തങ്ങനെ, 
എന്റെയടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്,
പകുതി തുറന്നു കിടക്കുന്ന ഒരു ഡോറിന്റെ തൊട്ടടുത്തായിട്ട്
വണ്ടിയുടെ കൂടെ 
നീ പരിഭ്രാന്തനായി വാശിയെടുത്ത് ഓടിയെത്തുകയാണ്, 
എന്നോട് വിളിച്ച് കൂവുന്ന നിന്റെ സ്വരത്തിന് കുട്ടികളുടെ അലറിക്കരച്ചിലിന്റെ സ്ഥായി:
'ഡാ, പോളേ,  എന്നെയും കൂടെ കൊണ്ടോവില്ലേടാ? ഡാ, എന്റെ ചെലവും കൂടെ എടുക്കില്ലേ?'
അത് ജീവിതയാത്രയായിരുന്നു:  അങ്ങനെ ഒരു സ്വപ്നത്തില്‍ മാത്രമേ
നീ മറയില്ലാതെ ധൈര്യമായിട്ട് എന്നോട് എന്തെങ്കിലും ചോദിച്ചിട്ടുള്ളു.
സ്വപ്നം യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണെന്ന് നിനക്ക് നന്നായിട്ടറിയാമല്ലോ,
എന്നോട് ആ ചോദ്യങ്ങള്‍ ചോദിച്ചത് സ്വപ്നത്തിലെ നിനെറ്റോ അല്ല. 
പക്ഷേ, നേരില്‍ നമ്മള്‍ ഇതെപ്പറ്റി മിണ്ടുമ്പൊഴെല്ലാം,
നിന്റെ മുഖം നാണക്കേട് കൊണ്ടു ചെമന്ന് വരും.
ഇന്നലെ വൈകുന്നേരം, രാവിന്റെ നിശ്ശബ്ദതയില്‍, 
അരേസോ ജയിലിന്റെ കാവല്‍ക്കാരന്‍ നിന്റെ പുറകില്‍ ഗേറ്റ് അടച്ച് ചങ്ങലയിടുന്നതിന് തൊട്ടുമുന്നേ,
നീ അപ്രത്യക്ഷനാവുന്നതിന് തൊട്ടുമുന്നേ,
ഒരു കുസൃതിച്ചിരിയുടെ മിന്നലാട്ടത്തോടെ നീ എന്നോട് പറഞ്ഞു: 'താങ്ക്‌സ്'.
ഡാ, നിനോ, എന്നോട് 'താങ്ക്‌സ്'? ഇതാദ്യമായിട്ടല്ലേ ഈ വാക്ക് നീ എന്നോട് പറയുന്നത്!
ഉടനെ നീയും അത് മനസ്സിലാക്കി, ഭാവമാറ്റം പുറത്തുകാട്ടാതെ (അല്ലെങ്കിലും ആ വിദ്യയില്‍ നീ എന്നും വിരുതനായിരുന്നല്ലോ) പെട്ടെന്ന് തമാശ തിരുത്തി: 'താങ്ക്‌സ് ഫോര്‍ ദി റൈഡ്'. 
ഞാന്‍ ചെലവെടുക്കണം എന്ന് നീ ആഗ്രഹിച്ച യാത്ര, ആവര്‍ത്തിച്ചു പറയട്ടെ ഞാന്‍, 
അത് ജീവിതയാത്രയായിരുന്നു:
സ്വാതന്ത്ര്യത്തിനോടുള്ള എന്റെ അര്‍ത്ഥശങ്ക കലര്‍ന്ന വാഞ്ഛയുടെ വിപരീതമെന്തെന്ന് ഞാന്‍ സ്ഥിരീകരിച്ചത്
മൂന്നു നാലു വര്‍ഷം മുന്‍പ് കണ്ട ആ സ്വപ്നത്തിലാണ്. 
എന്നിട്ടിപ്പോ കൂടെ കൂട്ടിയതിന് നീ എന്നോട് നന്ദി പറയുമ്പോള്‍...
എന്റെ ദൈവമേ,
നീ ജയിലിലിരിക്കുമ്പോള്‍
പേടിച്ചരണ്ട്
വിദൂരങ്ങളിലേക്ക് വിമാനം കയറുകയാണ് ഞാന്‍.
നമ്മുടെ ജീവിതം എനിക്ക് തീരാത്ത കൊതിയാണ്,
കാരണം:സര്‍വ്വലോകത്തിലും വെച്ച് അനന്യമായ ഈ പൊരുള്‍ എടുത്താലും എടുത്താലും ഒടുങ്ങില്ലല്ലോ.

ഉറക്കമില്ലാത്ത പ്രണയരാത്രി- ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക  
വിവര്‍ത്തനം: സുനില്‍ ജോസ്

മുകളില്‍ രാത്രി. നമ്മള്‍ രണ്ടാളും . പൂര്‍ണ്ണ ചന്ദ്രന്‍.
ഞാന്‍ കരയാന്‍ തുടങ്ങി, നീ ചിരിച്ചു.
നിന്റെ നിന്ദ ഒരു ദൈവമായിരുന്നു, എന്റെ വിലാപങ്ങള്‍
ഒരു ചങ്ങലയിലെ നിമിഷങ്ങളും പ്രാവുകളും. 

താഴെ രാത്രി. നമ്മള്‍ രണ്ടാളും. വേദനയുടെ പരല്‍.
നീ വളരെ നേരം കരഞ്ഞു.
എന്റെ വേദന നിന്റെ സുഖമില്ലാത്ത
മണല്‍ ഹൃദയത്തിന് മുകളില്‍
വ്യഥയുടെ ഒരു പിടിയായി അമര്‍ന്നു.

പ്രഭാതം കിടക്കയില്‍ നമ്മെ വരിച്ചു,
നമ്മുടെ വായ കെടാത്ത രക്തത്തിന്റെ
തണുത്തുറഞ്ഞ തുള്ളിയിലേക്ക്. 

അടച്ച ബാല്‍ക്കണിയിലൂടെ സൂര്യന്‍ വന്നു
എന്റെ മൂടിയ ഹൃദയത്തിന്മേല്‍
ജീവന്റെ പവിഴം അതിന്റെ ശാഖകള്‍ തുറന്നു. 

 

Content Highlights :Poems in Translation Rilke Garcia Lorca Pier Paolo Passolini SajayKV Arunlal Mokeri Sunil Jose