മുക്തകം -1

ഉയര്‍ച്ചയീന്തപ്പനപോലെയായാല്‍
വളര്‍ച്ചകൊണ്ടെന്ത്?വഴിക്കൊരാള്‍ക്കും-
തളര്‍ച്ചമാറ്റാന്‍ തണലില്ല,കായ്കള്‍
പറിച്ചെടുക്കാന്‍ കരമെത്തുകില്ല !

         മുക്തകം- 2

അയോഗ്യനാം മര്‍ത്യനെയൊന്നു കാണാന്‍
അനേകകാതം വിഫലം നടന്നേന്‍
അകത്തു നോക്കുമ്പൊഴെനിക്കു മീതേ-
അയോഗ്യരില്ലെന്നു തിരിച്ചറിഞ്ഞേന്‍

          മുക്തകം-3

കല്ലില്‍ത്തൊഴുമ്പോള്‍ ഹരിയെത്തുമെങ്കില്‍
ഞാന്‍ പര്‍വ്വതത്തിന്‍ പടിപൂജ ചെയ്യും
ധാന്യം പൊടിക്കും തിരികല്ലു വീട്ടി-
ലാരും വണങ്ങീടുകയില്ല താനും

           മുക്തകം-4

ആചാര്യനും ദൈവവുമൊത്തു വന്നാല്‍
ആരാരെ നാം കാല്‍ക്കല്‍ നമിക്കുമാദ്യം?
ആചാര്യവാത്സല്ല്യമതല്ലി നമ്മില്‍
ആലേഖനം ചെയ്തതു ദൈവനാമം

            മുക്തകം- 5

മരിക്കുവോളം പടു പുസ്തകങ്ങള്‍-
പഠിപ്പവന്‍ പണ്ഡിതനാവതില്ല
'പ്രേമാ'ഖ്യമാം രണ്ടരയക്ഷരത്തിന്‍-
സാരജ്ഞനേ പണ്ഡിതനായി മാറൂ..

            മുക്തകം-6

പുല്ലില്‍ സുഗന്ധം തിരയുന്ന മാനില്‍
കസ്തൂരി നാഭിക്കകമുള്ളപോലെ
പുഷ്പങ്ങളില്‍ തൂമണമെന്നപോലെ
നിന്നീശ്വരന്‍ നിന്റെയകത്തിരിപ്പൂ..

          മുക്തകം-7

ചോദിക്കൊലാ യോഗി ജനിച്ച ജാതി
ചോദിച്ചറിഞ്ഞീടണമാത്മബോധി
നാം മൂര്‍ച്ച നോക്കേണ്ടതുറയ്ക്കകത്ത-
ല്ലൂരിപ്പിടിച്ചോരുടവാളിലല്ലോ..!

           മുക്തകം- 8

ദു:ഖത്തിലെല്ലാവരുമോര്‍പ്പു,പക്ഷേ
സുഖത്തിലോര്‍പ്പീലവിടുത്തെ നാമം
സുഖത്തിലോര്‍മ്മിക്കുവതാ,രവന്നു-
ദു:ഖം വരാന്‍ കാരണമെന്തു പിന്നെ?

          മുക്തകം- 9

ദ്വൈതക്കരിങ്കല്ലിലമര്‍ന്നമര്‍ന്നു-
ധാന്യങ്ങളോരോന്നുമപൂര്‍ണ്ണരാകെ,
കറങ്ങി നീങ്ങും തിരികല്ലു കാണ്‍കെ,
കരഞ്ഞു പോകുന്നു കബീറിനുള്ളം

Content Highlights :Poems by Kabir Das translated by Sreekanth  Thamarassery