ടുപ്പിന്റെ കരിങ്കല്ലുകള്‍ പാകിയ
സ്ഥിരം വഴികളെ എന്തുകൊണ്ട് മറന്നുകൂടാ?
ഉള്ള് കനംകൊണ്ട് ഇങ്ങനെ ഉരുവിടുമ്പോഴെല്ലാം
വഴിമാറി നടക്കുന്നവരോടടുപ്പം കൂടി.

മതിയായെങ്കില്‍ കുടഞ്ഞുകളഞ്ഞിട്ട്
പുതുനാമ്പുകളുതിരുന്ന തുരുത്തുകളിലേക്ക് 
ചേക്കേറാന്‍ മടിക്കരുതെന്ന് മനം മന്ത്രിക്കുന്നു.

തൂവലുകളരിഞ്ഞവര്‍ തന്നെ വീണ്ടും പറക്കാന്‍ 
പറയുന്ന പോലെ ക്രൂരവും പരിഹാസവുമായി 
തീര്‍ന്ന വാക്കുകള്‍,
ചുറ്റുവട്ടത്തിന്റെ പൊടിപ്പും തൊങ്ങലും
നിന്റെ കിരീടത്തിലെ പൊന്‍തൂവലാകേണ്ട 
എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ വഴിമാറ്റം എളുപ്പമാകുന്നു.

നിശ്ചയമായും കാടുമൂടാത്ത മുള്ളു തറയ്ക്കാത്ത 
പുതിയ വഴി
നിനക്ക് എളുപ്പയാത്രയൊരുക്കും.
ഇലയും മുള്ളുമൊക്കെ പഴങ്കഥകളുടെ
ചവറ്റു കുട്ടയിലേക്കിട്ട്,
സ്‌കൂട്ടറിന്റെ വേഗം കൂട്ടി തിരക്കുകളുടെ വഴിയേ 
തന്നെ ഓടിച്ചു പോയപ്പോള്‍, കപ്പല്‍ച്ചേതം 
വന്നടിഞ്ഞ പാഴ്വസ്തുക്കളില്‍ നിന്നുമുണ്ടാക്കിയ 
പുതിയ വള്ളത്തിലെ യാത്രക്കാരിയാവുന്നതു
പോലെയവള്‍ക്കു തോന്നി.

ഒന്നൊരല്പം മാറിയൊഴുകിയാല്‍ 
ശരിയാകുന്നതേയുള്ളൂ നീരൊഴുക്കിന്റെ ഗതിയെന്ന് 
ബോധ്യപ്പെടുകയും ചെയ്തു..

Content Highlights ;Poem Vazhimariyozhukumbol by Bindu Thejas