വീടിന്റെ
നെടുംതൂണാകുമ്പോൾ
കുട്ടികൾ
വട്ടം വട്ടം
ചുറ്റിക്കളിക്കും.
ചിലപ്പോൾ
തൊലിയിൽ
ചിത്രം വരയ്ക്കും.
നൊന്താലും
വാത്സല്യത്തോടെ നോക്കും.
കുസൃതികൾ
നെഞ്ചിലേക്ക് മൂത്രമൊഴിക്കും.
ഉപ്പു രസത്തിൽ
നനഞ്ഞു കുതിരും.
പല്ലികൾ
മേലാകെ അരിച്ചു നടക്കും.
അറച്ചാലും കണ്ണടയ്ക്കും...

മാറാല ചുറ്റിയും,
പൊടി പിടിച്ചും,
കൂറക്കാട്ടം കൊണ്ടു
അലങ്കരിച്ചും
ആണ്ടിലൊരിക്കലായിരിക്കും
അഴുക്കിൽ നിന്നും
മോചനം കിട്ടുക.

താത്‌പര്യം ഇല്ലെങ്കിലും
അതിഥി സംഭാഷണങ്ങൾ
മുഴുവൻ കേൾക്കും.

തൂണിനപ്പുറവും ഇപ്പുറവുമുള്ള
കണ്ണിറുക്കങ്ങൾകാണും.
കൊള്ളിവചനങ്ങൾ
കേൾക്കും.

നിന്നു മുഷിഞ്ഞാലും
നെടുമ്പര
താങ്ങി, താങ്ങി
അങ്ങനെ....
സ്വപ്നം കണ്ണിലേക്കരിച്ച്
വരുമ്പോഴും
കണ്ണടയ്ക്കാൻ
കഴിയാതെ...
നിലവിളി
തൊണ്ടയിൽ ഓക്കാനമായി
നിൽക്കുമ്പോഴും
വാ പൊത്തി, വാ പൊത്തി....
ഒന്ന് ചുരുണ്ടു മടങ്ങി,
ആരും കാണാതെ
ഒരു പൊത്തിൽ
ഒറ്റക്കിത്തിരി
വിതുമ്പാൻ പോലും
കഴിയാതെ...

തൂണ് ഒരു ജീവിയാണ്.
നടു നീർത്തി
പെര താങ്ങി
നിൽക്കുമ്പോഴും,
ഒളിച്ചിരിക്കാൻ
ഇടം തേടുന്ന
ഒരു വല്ലാത്ത ജീവി!

Content Highlights: Poem Toonu Oru Vallatha Jeeviyaanu by Sunitha Ganesh