ടതടവില്ലാതെ
മിടിച്ചുകൊണ്ടേയിരിയ്ക്കുകയാണത്.
എത്ര മെരുക്കാൻ പണിപ്പെട്ടിട്ടും,
പറയുന്ന പ്രകാരം
നടക്കാൻ കൂട്ടാക്കാത്ത,
വിധേയത്വം പ്രകടിപ്പിക്കാത്ത
ആട്ടിൻപറ്റത്തെപ്പോലെ ഉള്ളിൽ
മൂന്ന് സ്വന്തംകാര്യംനോക്കി സൂചികൾ.
കടുംവരകളിൽ വന്നു തൊടുമ്പോൾ
മുഴങ്ങുന്ന,
ആർക്കൊക്കെയോവേണ്ടി
കണിശമായി സ്ഥിരപ്പെടുത്തിവച്ചിരിക്കുന്ന
കാണാ-അലാറമുകൾ.
പതിയെ തട്ടിത്തടഞ്ഞ്
പിന്തുടരലിനിടേ
ഇറുകിപ്പിടിക്കുന്ന നിയന്ത്രണച്ചരടിന്റെ
അങ്ങേയറ്റത്തുനിന്നുള്ള
ആഞ്ഞയൊറ്റ വലിയിൽ
കൂപ്പുകുത്തിയേറ്റത്
എത്ര ആഘാതങ്ങൾ!
പകലിരവുകളെ
പലകുറി മുന്നൂറ്ററുപതുകളായിപ്പകുത്ത്
ഓരോ വീതത്തെയും ഭാഗിച്ച്
ഒന്നും ബാക്കിയായ് കയ്യിൽത്തരാത്ത
ആ നിർത്താക്കറക്കം.
പരീക്ഷണകാലങ്ങളിൽ
നേരമുണർത്തുന്ന ഉള്ളാന്തലുകൾ!
കുശിനിയിൽ വേവുപാത്രത്തിന്റെ കൂവലുകൾ,
ഒരു കുയിൽപ്പാട്ടിൽ ഒന്നലിഞ്ഞിരിക്കുമ്പോഴേയ്ക്ക്
ഊർന്നുവീണുതീർന്നെന്നറിയിക്കുന്ന
നേർമണൽത്തരികൾ,
ശാന്തമായ ഒരു നിദ്ര
വഴിച്ചെരാത് കൊളുത്തുമ്പോഴും
പിന്നാക്കം പിടിച്ചുനിർത്തുന്ന
ജീവിതക്കണക്കുകൾ.
പരിഭ്രാന്തമായ് സ്പന്ദിയ്ക്കുന്നൊരു
അണു​വായുധം
എന്റെ നെഞ്ചിലെ ഘടികാരം.
ഒരു ചുഴലിയിലെന്നപോലെ പെട്ട്
നിരന്തരം അതിൽ
ആഴ്ന്നിറങ്ങിയിറങ്ങിപ്പോകവേ
കണ്ണുകളിൽ ഇരുട്ട് പടർന്നുകയറുന്നു.
ആകയാൽ മതി!
വെയിൽപ്പുഴയിലതിനെ ഉപേക്ഷിച്ച്,
ഉരുകിയൊലിച്ച് നിമിഷങ്ങളൊഴുകുന്നതു നോക്കി
തീരത്ത് ഒരു മൺതിട്ടയ്ക്ക് മേലെ
ഒരു കാഴ്ചക്കാരൻ മാത്രമായി
തെല്ലിടയിരിയ്ക്കട്ടെ ഞാൻ
ഇനിയെങ്കിലും.
പുൽത്തലപ്പുകളിലെ
മഞ്ഞിന്റെ തണുപ്പറിഞ്ഞ്,
സ്വപ്നസ്ഥലികളിലെ ശാഖികളെ പുൽകി,
പേരറിയാപ്പൂക്കളുടെ ഗന്ധങ്ങളെ
ആവോളം നുകർന്ന്,
നിഴൽദിശ നോക്കി,
ഹൃദയത്തിന്റെ മാത്രം
സ്പന്ദനങ്ങൾ ശ്രവിച്ച്
സായന്തനത്തിൽ ഞാൻ
എന്റെ സങ്കേതത്തിൽ എത്തിച്ചേരട്ടെ.

Content Highlights : Poem Samayamapini Written by Prathibha Panikkar