രൂപംകൊണ്ട ഒറ്റമുറിവീടും
ഏറ്റിനടന്നിരുന്ന മുതുകും
പിറന്നാള്‍കേക്ക്
മുറിച്ചോരിവെച്ചപോല്‍
ചിതറിക്കിടക്കുന്നു.

കടംതന്ന റൂഹിനെ
അവധിയെത്തിയപ്പോള്‍
മറുത്തൊന്നാലോചിക്കാതെ
റൂഹൂതിയവന്‍ തന്നെ
തിരിച്ചെടുത്തു.

അന്തരീക്ഷത്തിലുയര്‍ന്ന-
റൂഹ് മറ്റാത്മാക്കളോട്
കൂട്ടുകൂടി.
രൂപം തന്നവന്‍ തന്നെ
തന്നരൂപം
പുഴുക്കള്‍ക്ക് കാണിക്കവെച്ചു!

പുഴുക്കള്‍
പ്യൂപ്പയിലൊളിച്ച്
ശലഭമായ് പിറന്നു.

ആത്മാക്കള്‍
സ്വര്‍ഗലോകത്ത്
തേനീച്ചയായും!

Content highlights : poem roopamattam by salman kavungal paramba