ഞാനൊരു
പസഫിക്ക്
സമുദ്രമല്ല
ആർട്ടിക്കും
അറബിക്കടലുമല്ല.

എന്റെ
കടലാഴങ്ങൾക്ക്
സമുദ്രങ്ങളുടേതുപോലെ
നിഗൂഢതകളുമില്ല .

നിശബ്ദമായെന്റെ
തിരമാലകൾ
ആർത്തലച്ചാനന്ദ
നൃത്തമാടാറുമില്ല.

മുത്തുച്ചിപ്പികളും
സ്വർണമൽസ്യങ്ങളുമില്ലാത്ത
യെന്നുൾപരപ്പിൽ
പവിഴപ്പുറ്റുകളുമില്ല.

എന്റെ
കരളാഴങ്ങളിൽ നിന്നും
താളം തല്ലുന്ന
ഓളങ്ങളെ കാത്തിരിക്കുന്ന
തീരങ്ങളുമേതുമില്ല.

എന്റെ
വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളും
എന്നുള്ളിൽ തന്നെ
പരിമിതപ്പെടുത്തിയിരിക്കുന്നു.

സമുദ്രങ്ങളിൽ
എത്രയോ
സൂര്യൻമാരും
ചന്ദ്രൻമാരുമാണ്
വിരിയാറുള്ളത്.

പക്ഷേ
ഞാനിപ്പോഴും
ഒരു സൂര്യൻ
പോലും
വിരിയാത്ത
ശൂന്യമായ
മരുഭൂമി
പോലെയാണ്.

ഒളിപ്പിക്കപ്പെട്ടതും
വികാരങ്ങളും
വിചാരങ്ങളും
കുഴിച്ചുമൂടപ്പെട്ടതുമായ
നെടുവീർപ്പുകളും കൊണ്ട്
കവിത
രചിക്കുന്ന
കടൽ.

ഞാൻ
പസഫിക്ക്
സമുദ്രമല്ല
ആർട്ടിക്കും
അറബിക്കടലുമല്ല,
സങ്കടങ്ങളുടെയും
നിരാസതയുടേയും
കൊടുങ്കാറ്റുകളുടെ
ആഴക്കടൽ മാത്രം...

Content Highlights :Poem Kadal by Aneesh Haroon Rasheed