ദൂരം ഏറെയുണ്ട്.
വഴിത്താരയില്‍ എന്റെ കണ്ണുകള്‍
പൊഴിഞ്ഞുവീഴുന്നു.
വെള്ളിയലുക്കുകളണിഞ്ഞ
സര്‍പ്പങ്ങള്‍ 
പറന്നു നടക്കുന്നു.
പൊട്ടിച്ചിരിച്ച്,
കാഴ്ചയെ തൊട്ട്
തിരികെയോടുന്നു.

'പൂ പറിക്കാന്‍ പോരുമോ'
എന്ന് തോളോടുതോള്‍ ചേര്‍ന്ന്
ആടുന്നു.
ഈ സര്‍പ്പക്കടല്‍
കഴിഞ്ഞു വേണം
നിനക്കിവിടെയെത്താന്‍.
സാധ്യമല്ലാത്ത നിനവുകളില്‍
കിനിയുന്ന ചോര.

നീയുള്ളിടം,
അതില്‍ അത്രയും 
കാവ്യമെന്ന തോന്നല്‍.
പക്ഷേ, 
ഞാനെത്തുന്ന നിമിഷം 
മാഞ്ഞു പോകുന്ന നീ...
നീയെന്ന മാത്രയില്‍ മാത്രം
അവശേഷിക്കാനായി
ഞാന്‍. 

നീയില്ലാത്ത
എന്നില്‍ ഞാന്‍
**ബഹര്‍ലൂത്തിലെന്നോണം
പൊങ്ങിക്കിടക്കുന്നു.
മുകളിലിപ്പോള്‍ 
ആകാശം മാത്രം!

*യാം ഹ മാവെത് - മരണത്തിന്റെ കടല്‍
**ബഹര്‍ലൂത്ത് - ചാവുകടലിന്റെ മറ്റൊരു പേര്.

Content Highlights :Poem by Sunitha Ganesh Yam Ha Maveth