പാത്തിലാത്തയുടെയും
എലനോറിന്റെയും
കണ്ടുമുട്ടലുകൾ
അതീവ രസകരമായ
ഒന്നാണ്.
പാത്തിലാത്ത
കോ-ഓപ്പറേറ്റീവ് ബാങ്കിലെ
തൂപ്പുകാരിയും 
ലോൺ കിട്ടിയാൽ
പെരപണി തീർക്കാമെന്നു
സ്വപ്നം കണ്ടിരുന്നവളും
എലനോർ വേൾഡ് ഇക്കോണമി
യെക്കുറിച്ച് മാത്രം
ഉപാസിച്ചവളും
ആയിരിക്കണം.

മാറ്റമാണ് കാലം!
രണ്ടുപേർ രണ്ടുകാലത്തിനിടയിൽ
മരിച്ചു പോവുകയും
ആത്മാക്കൾ രണ്ടു ദേശങ്ങളിൽ
നിന്ന് ഒന്നിലേക്ക്
വിസയോ പാസ്പോർട്ടോ
കൂടാതെ 
സന്ദർശകരാവുകയും ചെയ്യുന്നു.

അവരവരുടെ പേരുകളെ ചൊല്ലി 
അതിർത്തികളിൽ
അവരിനി തടയപ്പെടില്ല.
കാപ്പിയുണ്ടാക്കുന്നതിനിടയിൽ
ഹൃദയം പൊട്ടി പാത്തിലാ മരിക്കുകയും
കാപ്പിയിൽ വിഷം കലർത്തി എലനോർ
മരിക്കുകയും ചെയ്യുന്നത്
ആത്മാക്കൾ
സൗഹൃദപ്പെടുന്നതിനൊരു 
കാരണമാവുകയും

ഒരു ബാങ്കിന്റെ പരിസരം
അവരവരുടെ
കണ്ടുമുട്ടലുകൾക്കൊരു ഡെസ്റ്റിനേഷൻ 
ആവുകയും ചെയ്യുന്നതാണ്
ബാങ്കിന്റെ സിസി ടീവി യിൽ 
അറിയാതെ പതിഞ്ഞ
നിങ്ങളിന്നേവരെ
കണ്ടിട്ടില്ലാത്ത തരം  ദൃശ്യം.


"പൊരേക്കൂടലു കാണാതെ പോകണ്ടി വന്നൂന്നൊള്ളു എലനോരെ
അല്ലാണ്ടിപ്പോ എനിക്ക് എന്ത് സങ്കടം."
നെടുവീർപ്പിനിടെ 
പാത്തിലാത്തയുടെ തട്ടത്തിലെ
മിനുക്കുകൾ തിളങ്ങി.
സീഗെ !സീഗെ!
എല്ലാരും ജയിക്കട്ടെ!
എലനോർ കണ്ണടച്ചു.

മോഗെ ഡീ ലിബേ സീഗെ! *
പ്രണയത്തിൽ തോറ്റുപോയാൽ
മരണമെന്ന് ഒരു കാലം മറ്റൊരു
കാലത്തോട് മുറുമുറുത്തു.

കാലം കൊണ്ടു
മുറിവേറ്റവർ കണ്ണീരോടെ ചിരിച്ചു.
രണ്ടുപേർ ചിരിക്കുന്നത്
കേൾക്കുന്ന 
രാത്രി കാവൽക്കാരൻ
മോഹലസ്യപ്പെട്ടത് കണ്ടവർ
വീണ്ടും ചിരിച്ചു.
ജീവിച്ച കാലമത്രയും
ചിരിക്കാൻ ഒരു
കാരണമില്ലാതെ
വേവലാതിപ്പെട്ടോടിയ
നേരത്തെയോർത്തു
പാത്തിലാത്തക്കു പെട്ടെന്ന്
അരിശം വന്നു.

"ലാസ്‌ ഡെയിൻ കോണിഗ്രവ് കുമൺ "!
നിന്റെ രാജ്യം വരേണമേ!
നിന്റെ രാജ്യം വരേണമേ!
എലനോർ കൈകൾ
മേൽപ്പോട്ടുയർത്തി
പ്രാർത്ഥിച്ചു.
അപ്പന്റെ കുഴിമാടത്തിലെ
ഒടുക്കത്തെ കാറ്റു പഠിപ്പിച്ച
ഇക്കോണോമിയെ എലനോർ
കീറി പറത്തി.
രണ്ടുപേർ ചേർന്നൊരു കാപ്പിയുണ്ടാക്കി.
രണ്ടുപേർ ചേർന്നൊരു കടലാസ് കപ്പലുണ്ടാക്കി.
കാലദേശങ്ങളെക്കുറിച്ച്
ഭയപ്പാടില്ലാത്ത വിധം അവർ സ്വതന്ത്രരാക്കപ്പെട്ടിരുന്നു.

ഡിലീറ്റ് ചെയ്യപ്പെട്ട
ആ രാത്രികാഴ്ചയെക്കുറിച്ച്
കാവൽക്കാരൻ
ആരോടൊട്ടു പറഞ്ഞതും ഇല്ല.
ഇനിയൊട്ട് പറയുമെന്നും തോന്നുന്നില്ല!.

*പ്രേമം ജയിക്കട്ടെ.