ഴേ
വീട്ടില്
അത്ത
വല്യുമ്മറത്ത്
മനോരമ
വായിച്ചിരിപ്പുണ്ട്

അടുക്കളനഗരത്തില്‍
അമ്മക്കഞ്ഞി
പുകയുന്നു

ഉരല്‍ക്കുഴിയില്‍നിന്നും
ഇടിയൊച്ചക്കൊപ്പം
അമ്മാളേച്ചീടെ
ഒച്ചയും
കേള്‍ക്കാം

പിന്‍തിണ്ണേല്
രാമേട്ടന്‍
പ്ലാവില കുത്തി
കഞ്ഞിയൂറ്റിക്കുടിക്കുന്നു

പടിഞ്ഞാറേ
തൊടീല്
ചെമ്പന്‍തെങ്ങിന്റെ
കട തുറക്കുന്ന
ഉണ്ണിച്ചെക്കച്ചോന്റെ
ശ്ശൂ ശ്ശു  ശബ്ദം

മണ്ണുമുറീന്റെ
മൂലേല്
പൂച്ചേടെ
കുട്ട്യോള്
ഓടി 
കളിക്കണ് 

ഓടിന്റെ
കഴുക്കോലിലൂടെ
എലികള്‍
ഓടണ് 

പറമ്പില്
നീട്ടിക്കെട്ടിയ
പയ്യ് ,
പയ്ക്കിടാവ്
തൊഴുത്തിലും

ഓരോരുത്തരും
ഓരോയിടങ്ങളിലായുണ്ട്
പക്ഷേ

പഴേവീട്ടില്
ഞാനെവിടെയായിരുന്നു

നടുമുറിയില്‍
നീളന്‍മുറിയില്‍
കുട്ടിത്തിണ്ണയില്‍
തളത്തില്‍
തട്ടിന്‍ പുറത്തും
ഞാനെങ്ങുമുണ്ടായിരിന്നില്ല

പഴേവീടേ
എന്റെ ബാല്യം
നീ
എവിടേക്കളഞ്ഞു

ഓര്‍മകളിലെങ്ങോ
അവ്യക്തമായ്
കേള്‍ക്കാമിപ്പോഴും
അമ്മാളേച്ചീടെ
ഒറ്റ വരിമാത്രമുളള
താളമില്ലാത്തൊരു
താരാട്ടുപാട്ടുമാത്രം

Content Highlights :poem by Aneesh Haroon Rasheed