ശിശിരത്തിന്റെ ഒടുക്കത്തിൽ
താഴ്‌വാരത്തെ
കരിയിലകളിൽ നിന്ന്
പുൽമേടുകളിലേയ്ക്ക്
തീപ്പിടിക്കുമ്പോൾ
മുകളിലെ
ഒറ്റമര ചുവട്ടിലാണ്‌ നാം.

കാറ്റു വിരിച്ചിട്ട
പുൽമെത്തകളിൽ
പ്രണയം പനിക്കുന്ന  
ഇണമനുഷ്യർ 
മെയ്യുരുമ്മി
കുളിരകറ്റിക്കൊണ്ടിരുന്നു.
നമ്മളപ്പോൾ
മഷി പടർത്താതെ,
മാഞ്ഞൊഴിയാത്ത
പ്രണയം 
ലേഖനപ്പെടുത്തുന്നതിനെക്കുറിച്ച് 
വാചാലരാവുകയായിരുന്നു.

വേദപുസ്തകങ്ങളുടെ
പൊരുളുകൾ ചൂഴ്ന്ന്
ഞാനും
സ്ഫുടം ചെയ്ത
മൂല്യബോധം ചുമന്ന്
നീയും
പ്രണയത്തിന്റെ
വില(ക്ക)പ്പെട്ട കനികളെ
തൊട്ടശുദ്ധമാക്കാതെ 
നിന്നു.

തുടിക്കുന്ന സിരകളെ 
നാം
പിടിച്ചുകെട്ടിയിട്ടു
ചുണ്ടോളമെത്തിയ
ചുംബനപ്പറവകൾ
കൂടുകെട്ടാതെ,
ഇണചേരാതെ
അവിടെത്തന്നെ
മരിച്ചടക്കം ചെയ്യപ്പെട്ടു.

കൊക്കൂണിനുള്ളിൽ
ഉയിരോടെ
സമാധിയാക്കപ്പെട്ട
ശലഭക്കുരുന്നുകൾ
വിലപിച്ചിട്ടുണ്ടാവണം
നാമപ്പോഴും
ഏതോ മൗഢ്യത്തിന്റെ 
മാറാല നൂലിനാൽ
സ്വയം 
വരിഞ്ഞു കെട്ടിയിരുന്നു
ഒറ്റമരച്ചുവട്ടിൽ
മൗനം മാനത്തേയ്ക്ക്
ചില്ല വിരിച്ചു. 

താഴ് വരയിലെ ഉണക്കിലകൾ
ചാരമായമർന്നിരിക്കുന്നു
കത്തിത്തുടങ്ങിയ
പുൽമേട്ടിൽ നിന്ന്
മെയ്യിൽ 
പ്രണയമെഴുതിക്കൊണ്ടിരുന്ന
ജീവാത്മാക്കൾ
നിർമ്മലരായി 
മടങ്ങിപ്പോയിരിക്കുന്നു
ഒറ്റമരച്ചോട്ടിലെ
ഇരട്ട ശിലകൾ
അശുദ്ധരെന്ന്
സ്വയം
തപിക്കുന്നു.

പച്ചയിടങ്ങളെ
കുടിച്ചുവറ്റിച്ച
തീപ്പറവകൾ 
നമ്മുടെ
ഉലയാത്ത 
ഉടയാടകളെ  
കൊത്തിപ്പറിക്കുന്നു
ചലിക്കുന്ന ചിതകളായ്
ഇരുവഴിയേ
മേടിറങ്ങുമ്പോൾ
കരിയില ചാമ്പലിന്റെ
മണമുള്ള കാറ്റ്
നമ്മെ പരിഹസിച്ച്
കുന്നുകയറിപ്പോകുന്നു.


അനുപമ ജ്യോതി