മോര്‍ച്ചറിയിലെ മഞ്ഞില്‍ നിന്നിറങ്ങി
അച്ഛന്‍ ചിതയിലെ സൂര്യനില്‍ മറഞ്ഞു; 
അപ്പോള്‍ ചിറകുണ്ടായിരുന്നു അച്ഛനെന്ന് തോന്നി,
അത് അയഞ്ഞ ജൂബ പോലെന്നും തോന്നി.

പേടിച്ചും ശങ്കിച്ചുമൊരുനാള്‍ 
അച്ഛന്റെ അലമാര തുറന്നു.
നിറയെ കുപ്പായങ്ങള്‍;
ഇപ്പോഴും അച്ഛന്‍ മണക്കുന്നവ
പത്തി താഴും മുന്‍പ് 
അച്ഛന്‍ പൊഴിച്ച പടങ്ങള്‍, 
ഉലഞ്ഞും ചുളിഞ്ഞും തളര്‍ന്നും.
ഒന്നും മിണ്ടാതെയും.

എന്നോട് സംസാരിച്ചിരുന്നു പണ്ടിവ:
സ്‌കൂളിലേക്ക് പോകുന്നു
വയലില്‍ പോകുന്നു
വിയര്‍ത്തൊലിച്ചു
മഴ നനഞ്ഞു...എന്നിങ്ങനെ.

അച്ഛന്റെ ഷര്‍ട്ടിടാന്‍ പെരുത്തിഷ്ടം
കുഞ്ഞുന്നാളില്‍.
അച്ഛനെപ്പോലവ എന്നെ കവിഞ്ഞ് 
മൂടിപ്പുണര്‍ന്നു. 
പെരുമഴക്കാലവും 
കൊടും മഞ്ഞുകാലവും കടക്കാന്‍
ആ ഷര്‍ട്ടുകളായിരുന്നു എനിക്ക് പായ്ക്കപ്പല്‍...

വേഷങ്ങളെഴുതുന്നുണ്ട്, നാം അരങ്ങിലാടുന്ന
വിശ്വാസത്തിന്റെ ചരിത്രം.

ഇപ്പോഴെങ്കിലും ചിലതെനിക്ക് പാകമായാലോ?
ചിലതില്‍ ഞാന്‍ കേറിക്കൂടി.
ചിലതെന്നെ സ്‌കൂള്‍മാഷാക്കി.
ചിലത് കര്‍ഷകനും.
ചിലതെന്നെ പുരാതനനാക്കി
ചിലത് നവോത്ഥാനി
ചിലത് ദേശീയവാദി
ചിലത് ഗാന്ധിയന്‍
ചിലത് കമ്യൂണിസ്റ്റ്
ചിലത് തോറ്റ കോമാളി.
ചിലതണിയുമ്പോള്‍ മറ്റൊന്നിനി ഞാന്‍
മാറിയണിയില്ലെന്ന് തോന്നി.
മന്ത്രം പോലെ മുറുകിയ കട്ടിക്കോട്ടിലെ
ചന്ദനം തുളസി കര്‍പ്പൂരസാന്ദ്രതയെന്നെ
ശ്വാസം മുട്ടിച്ചു.

അവസാനകാലത്ത് അച്ഛനിഷ്ടം
എന്റെ ടീഷര്‍ട്ടിട്ട് പയ്യനാവാന്‍.

മനസ്സിലായെനിക്ക്:
മരിച്ച പിതാക്കളുടെ വേഷം
ചേരില്ല മക്കള്‍ക്ക്. 
വളരുന്ന മക്കളുടെ വേഷം
വൃദ്ധപിതാക്കള്‍ക്കും.
 
അവരണിഞ്ഞ കോലം
അവരുടെ കാലം.
അച്ഛന്റെ പുളുവും ഫലിതവും
അന്നേ പഴകി. 
അവര്‍, പിന്നിലേക്ക് പൊരുത്തപ്പെട്ടവര്‍.
അച്ഛന് ഗരിമ 
എനിക്ക് പഴമ...

മാര്‍ക്‌സ് അച്ഛനെഴുതിയ യുക്തികള്‍ പോലെയോ
കാഫ്ക അച്ഛനെഴുതിയ മനസ്സ് പോലെയോ
ചേരുന്നേയില്ല പലതുമെനിക്ക്.

ഉടല്‍ ചേര്‍ന്നാല്‍ കൈ ചേരില്ല.
ഉടലും കൈയും ചേരുന്നതിന്റെ കോളര്‍ 
വാടിയ കുഞ്ഞാടിന്‍ ചെവികള്‍... 
അച്ഛന്റെ മാറത്തവ ഇണങ്ങിച്ചേര്‍ന്ന് കണ്ടിട്ടുണ്ട്.
ബുദ്ധന്റെ മാറത്തെന്ന പോലെ.

Content Highlights :Poem Achante Shirtukal by KGS