കെന്റക്കി ഫ്രൈഡ് ചിക്കനും മക്‌ഡൊണാള്‍ഡിനും പൂട്ടുവീഴാത്ത കാലത്തോളം
നിങ്ങള്‍ വിതച്ചില്ലെങ്കിലെന്ത്?
അധികാരം കൊയ്യാന്‍ 
നിങ്ങള്‍ക്കാവില്ല.
ഞങ്ങള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി നിങ്ങളെ
ജയിലിലടക്കും.

ഞങ്ങള്‍ പറയുന്നത്
നിങ്ങളുല്‍പാദിപ്പിക്കുക.
കരാറുകാരന്‍ നിങ്ങള്‍ക്ക്
വില തരും.
എല്ലാം വിറ്റു തുലയ്ക്കാനാണ്
ഞങ്ങള്‍ സിംഹാസനത്തിലേറിയത്.

അഞ്ചു നദികളൊഴുകുന്ന 
പഞ്ചാബില്‍
കണ്ണീര് കൊണ്ട് 
മറ്റൊരു നദി ഒഴുകിയാലെന്ത്?
ഞങ്ങളതിന് തടയണ കെട്ടി മുതലാളിമാര്‍ക്ക്
കരാര്‍ കൊടുക്കും
നിങ്ങളുടെ കണ്ണുകളില്‍ നിന്ന് രോഷത്തിന്റെ 
തീനാമ്പുകള്‍
ആളിപ്പടര്‍ന്നാലെന്ത്?
ഞങ്ങളുടെ അരമനകളില്‍
എയര്‍ കണ്ടീഷന്‍ ഒന്ന് കൂടി തണുപ്പിക്കും.

ഒരു നാള്‍
ഭൂമിയുടെ മക്കളെ 
മറക്കുന്നവര്‍
തിന്നുന്ന ധാന്യമണികളില്‍
പേരു കൊത്താന്‍ 
ദൈവവും മറന്നു പോകും.

Content Highlights: PK Parakkadavu Malayalam Poem