നേരംവെളുത്തു.
കടത്തിണ്ണയില്‍ പിച്ചക്കാരന്‍ കണ്ണുതുറന്നു.
ജീവിച്ചിരിക്കുന്നതായി കാണപ്പെട്ടു.
അതൊരു ബാധ്യതയാണ്.
ആകെ നനഞ്ഞിട്ടുണ്ട്.
മഴയില്‍ നനഞ്ഞുറങ്ങി ശീലമായി.
വേറെ വഴിയില്ല.

മൂത്രമൊഴിക്കണോ?
അയാള്‍ ലിംഗം തൊട്ടുനോക്കി.
അനക്കമില്ല.
ചുരുങ്ങി ചുളുങ്ങി കിടക്കുന്നു.
യുദ്ധസ്മാരകം.
ഇനി എന്തിനാണിത്?

സ്വന്തക്കാര്‍ ആരുമില്ല.
സമ്പത്തില്ല, ആരോഗ്യമില്ല.
വിദ്യയില്ല, വിജ്ഞാനമില്ല.
ഭൂമിയില്ല, ഭൂതകാലമില്ല.
ഭാവിയില്ല, ഭാവനയില്ല.

ആര്‍ക്കും അയാളെ ആവശ്യമില്ല.
പഴന്തുണി.
പൊട്ടപ്പാത്രം.
പിളുങ്ങിയ വെള്ളക്കുപ്പി.
ചരട്.
വടി.
വേറൊന്നും കയ്യിലില്ല.

ദാഹം ആളി
വയറ്റുതീ കത്തിക്കാളി.

എങ്ങും ആരുമില്ല.
ഒരു വീട്ടിലും കയറ്റുന്നില്ല.
ആരോട് ഇരക്കാനാണ്?

തീരെ വയ്യ.
രോഗങ്ങള്‍ പലതുണ്ട്.
മാറാരോഗമായി ജീവിതാസക്തിയും.
ഭ്രാന്തുവരാന്‍ ഭാഗ്യമില്ല! 

വടിയുമായി പോലീസുകാര്‍ വരുമോ?
ചോറുപൊതിയുമായി DYFIക്കാര്‍ വരുമോ?
ബിരിയാണിയുമായി യൂത്തുലീഗുകാര്‍?

മരണവുമായി കൊറോണയെങ്കിലും?

Content Highlights : Pichakkaran Poem by Balachandran Chullikkad