നീയെന്നൊരൊറ്റ സൂര്യനും
നിന്റെയാകാശവും
മാത്രമാണെന്റെയുള്ളിലെന്ന്
എത്ര പറഞ്ഞാലും
അയാളെനിക്കു ചുറ്റുമൊരു
വൃത്തം വരയ്ക്കും.

രാത്രിയുടെ നെറുകയിൽ
സൂര്യനെ തൊട്ടുവെയ്ക്കും
ചന്ദ്രനെ മായ്ച്ചുകളയും.
നക്ഷത്രങ്ങളെ പോലും
സംശയിക്കും.

എന്റെ ലോകം
കറുത്തു പോയെന്ന്
ചുണ്ടുകൾ വിതുമ്പും.
ഉള്ളം പൊള്ളുന്ന
മഴ പെയ്യും.
അപ്പോഴുമയാൾ
ഇരുട്ടിൽ നിലാവ്
കണ്ണെറിയുന്നുണ്ടോയെന്ന്
ആധി പിടിക്കും.

മുറ്റത്തെ ശലഭങ്ങളെ
കല്ലെറിയും.
എന്റെ ചിരിയിലേക്ക്
കണ്ണു ചുവപ്പിക്കും.
പ്രണയത്തിന്റെ
അടയാളങ്ങളുണ്ടോയെന്ന്
തിരഞ്ഞു കൊണ്ടേയിരിക്കും.

കാറ്റുപോലെ ഇടയ്ക്ക്
പാഞ്ഞുവരും.
തീ പോലെ ചുംബിക്കും.
തൊടുമ്പോൾ പൂക്കാതെ
പോകുന്ന ഉടലയാൾ
പൊള്ളിക്കും.
പച്ചമരം കത്തുമ്പോലൊരു
ചൂര് പരക്കും.

ഇന്ന്, കാമുകനെ
തിരഞ്ഞ് തിരഞ്ഞ്
നായയെ പോലെ
മണത്ത് മണത്ത്
എന്റെ യിലകളാകെ
പറിച്ചെറിഞ്ഞു
തണ്ടൊടിച്ചു
പിഴുതെറിഞ്ഞു.

പറിച്ചെടുത്തപ്പോഴാണ്
വേരുകളിൽ പോലും
അയാളുടെ മണം
മാത്രമാണെന്നറിഞ്ഞത്.

പിഴുതെറിഞ്ഞത്
തിരിച്ചു നടാനാവില്ലെന്ന്
ചത്തുകെടന്ന് ഞാനൊച്ചവെച്ചു.
ആദ്യമായ്...
അയാളെന്നെ വിശ്വസിച്ചു!

Content Highlights : Pachamaram Poem by Rabeeha Shabeer