ട്ടുച്ചയില്‍
ഏകയാകുമ്പോഴാണ് കുളം
തന്നിലേക്ക് ഊളിയിട്ടവരെ
ഓര്‍ത്തെടുക്കുന്നത്.

കളിച്ച് ചിരിച്ച്
നീന്തി കുളിക്കുന്ന
മുപ്പതുകാരി
ഇടയിലെപ്പോഴാണ്
മുങ്ങാംകുഴിയിട്ടത്?

കൂടെ കുളിച്ചവര്‍
എണ്ണിയെണ്ണി മടുത്ത്
നിലവിളിച്ചപ്പോഴാണ്
അവളെ കുറിച്ചോര്‍ത്തത്.
വെട്ടുകല്ലിന്റെ കീറില്‍
പാവാട കൊളുത്തി
അവളിരിക്കുന്നു.

വിളക്കുകത്തിച്ചാണ്
മുനയുള്ള വരമ്പിറങ്ങി
അറുപതുകാരി
ഒച്ചയുണ്ടാക്കാതെ
ഊളിയിട്ടത്.

പുലര്‍ച്ചക്ക്
കുളിക്കാനെത്തിയവര്‍
വിളക്കിനെപ്പറ്റി
കഥയുണ്ടാക്കി.

എണ്ണ തൊട്ടുരച്ച്
ആദ്യം ചാടിയവനാണ്
നിലവിളിച്ചത്.
അരികുപറ്റി പായലില്‍
ഒളിച്ചിരിക്കുന്നു
അറുപതുകാരി.

ചുവന്ന പാവടക്കീറ്
മണ്ണെണ്ണ വാര്‍ന്ന കുപ്പിവിളക്ക്
ഓര്‍മകളൊട്ടിയ കുളം
അലക്കുക്കല്ലില്‍ പിടിച്ച്
നിലവിളിക്കുന്നു!

Content Highlights: P Ajesh malayalam peom Nilavilikkulam