റ്റമില്ലാത്തൊരു വയലിന്ന്
ഒത്തനടുവിലൂടൊഴുകും
നീർച്ചാലിന്നു
കുറുകേ , രണ്ട് കലുങ്കുകൾ
പരസ്പരം പരസ്പരം
നോക്കിയിരിക്കുന്നു

ഒറ്റനോട്ടത്തിലത് രണ്ട്
കലുങ്കുകൾ മാത്രം

നക്ഷത്രങ്ങൾ നിലാവ്
പെയ്യുന്ന
പാതിരാത്രികളിൽ
കലുങ്കുകൾ പരസ്പരം
സ്ഥാനം മാറിയിരിക്കും

സന്ധ്യാനേരങ്ങളിൽ
പതിവായെത്തിടും
രണ്ട് വൃദ്ധർ
രണ്ട് കലുങ്കുകളിൽ
അഭിമുഖമായി കാൽ
ചുരുട്ടിയിരുന്ന്
പഴയ കാര്യങ്ങൾ
അയവിറുക്കുമ്പോൾ
കലുങ്കുകളത് കേട്ട്
ഒച്ച വയ്ക്കാതെ
അമർത്തിച്ചിരിക്കും

വൃദ്ധരുടെ
കൊച്ചുവർത്തമാനങ്ങൾ
കേൾക്കും കൗമാര മീനുകൾ
കലുങ്കുനടിയിലെത്തിടും

കൊക്കുകൾ , കുളക്കോഴികൾ
കലുങ്കുനരികേ
പമ്മിപ്പമ്മി നടക്കും
വൃദ്ധർ വെടി പറഞ്ഞ്
പൊട്ടിച്ചിരിക്കുമ്പോൾ
മീനുകൾ ഓടി മാറും
ചാലിൽ ഓളങ്ങളുയരും

എന്തിനും ഏതിനും
മൂകസാക്ഷികളാകുന്ന
കലുങ്കുകളേ , യാരറിയുന്നു
ഒറ്റനോട്ടത്തിലത്
രണ്ട് കലുങ്കുകൾ മാത്രം!

Content Highlights : Ottanottathil Malayalam Poem by Aneesh Haroon Rasheed