ഓമനക്കത്തി

ദ്യമാദ്യം
അവരിരുപേരുമൊരു
പേനാകത്തികണക്കെ
ഓമനക്കുഞ്ഞിനെ പിടിച്ചു വാക്ക് തര്‍ക്കങ്ങളില്‍
പരസ്പരം വാണ്ടു
ഇന്നു പിടി നിനക്ക്
നാളെ പിടിയെനിക്ക്
ഇന്നു പിടിയെനിക്ക്
നാളെ പിടി നിനക്ക്.

പിടിയിളകി മനസ്സുലഞ്ഞു
ഈ പിടിക്ക് അവകാശികളില്ല
മത്സരാര്‍ത്ഥികള്‍ മാത്രം
അങ്ങോട്ടെറിഞ്ഞും
ഇങ്ങോട്ടെറിഞ്ഞും
അവരോടുമ്പോള്‍
തെറിച്ച കല്ലുകളാരു കണ്ടു?

ആ കല്ലുകളില്‍ രാകി നീ
മൂര്‍ച്ച കൊണ്ടതാരു കണ്ടു?
മടവാളായി
നീ വളര്‍ന്നതാരു കണ്ടു?
പിടി വീണുപോയതാരറിഞ്ഞു?

ഇരുതല മൂര്‍ച്ചയുള്ള
വാളായ്  ഇരുകൈയ്കളും മുറിപ്പെടുത്താന്‍
നീ വെമ്പുന്നതാരറിഞ്ഞു?
തുരുമ്പെടുത്തിരുമ്പായ്
നീ ദ്രവിക്കുന്നതാരു കണ്ടു?

(നിര്‍)ദയാലു

ഞാനൊരു കുറ്റവാളിയല്ലയെങ്കിലും
വിധി വധശിക്ഷയാണ്
കൃത്യമായ തിയ്യതി കുറിക്കപ്പെടാത്തയന്തിമദിനം
എണ്ണിക്കൊണ്ടിരിക്കുന്നു

ഒന്ന്, രണ്ട്, മൂന്ന്.......
അന്നേരമൊരുകൊതു
കൈത്തണ്ടയില്‍ കുത്തി
സ്വതവേ അരി വെന്തൊന്ന്
നോക്കും പോലെ
അതുങ്ങളെ ഞാന്‍ ഞൗടും

കറുത്ത കടലാസ്
തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍
പടരും വരെ
ഹൗ എന്തൊരത്യാഹ്‌ളാദം !
ചോര കുടിച്ചുപോയ തെറ്റിന്
പപ്പായ കുരു പൊട്ടിക്കും
ഹൗ പരപീഢ പരമാനന്ദം!

എന്നാല്‍ ഞാനിപ്പോള്‍ സ്‌നേഹത്തോടെയവളെ
കൊതു കുട്ടി
കൊതു മോളെ
കൊതു കുഞ്ഞേയെന്ന് വിളിച്ചു
മൂക്കില്‍ തുമ്പത്തിരുത്തി
ചൊരയുറുഞ്ചി കുടിക്കാനപേക്ഷിച്ചു.

ഹൗ ഗതികേടില്‍ നില്‍ക്കും ദയാലുക്കളേ!
ദാരിദ്ര്യത്തിലകപ്പെട്ട
സഹായികളേ..... 
ഞാന്‍ നിങ്ങളെപ്പോലെ രോഗാതുരയില്‍ തെളിഞ്ഞ
അന്‍പുള്ളവനായിരിക്കുന്നു!

Content Highlights: Omanakkathi, Nirdayalu Poems by Ammu Vallikkattu