നിയാല്‍ വിറയ്ക്കുമീ-
യിരവു ശ്വാസം മുട്ടി-
യിടറി വീഴാറായി നില്‍ക്കെ

അവസാനതാരകം
പൊലിയുന്ന ഞൊടിയോര്‍ത്തു
മിഴി പാതി ചിമ്മിത്തുടിക്കെ

ഇരുള്‍ വീണ പാതയില്‍
കുരുടിയെപ്പോല്‍ തപ്പി,
ഉടലാകെ മുള്ളേറ്റു നീറി

ഒടുവില്‍ വന്നെത്തിയോ
നീയുമെന്നോണമേ
വിറയാര്‍ന്നൊരമ്മൂമ്മ പോലെ?

ഇതുവരെക്കണ്ടില്ല-
യിതു പോലെ പിഞ്ഞിയ
പഴമുണ്ടിനാലുടല്‍ മൂടി,

പുതുരാജവീഥിയായ്
പാടേ നികത്തിയ
വയലിന്റെയോര്‍മ്മയില്‍ പൊള്ളി,

ഒരു കുഞ്ഞും പൂവട്ടി
ചുമലിലിട്ടലയാത്ത
ചുരമൊന്നിന്‍  ശൂന്യത താണ്ടി,

കുളമെങ്ങ്, നെല്ലിപ്പൂ-
ക്കളമെങ്ങ്, കൈകൊട്ടി-
ക്കളിയെങ്ങ്, പരവശം പരതി,

ഒരു ഗതസ്വപ്നത്തിന്‍
ജര വീണ നിഴല്‍ പോലെ
നറുനിലാവില്‍ ചാമ്പല്‍ പൂശി,

അവസാനമെത്തിയോ
വഴിതെറ്റി, ഒറ്റയാ-
യൊരു മഞ്ഞതുമ്പിയെപ്പോലെ?

മധുരമോ തിരയുന്നു
വെയിലില്‍, മനസ്സിലും
പഴയ പോല്‍, കവിതയ്ക്കകത്തും?

സകലതും കയ്ക്കുന്നു,
വിട ചൊല്ലി ബന്ധുക്കള്‍,
പടികടന്നൂ തോഴരേറെ

ഇവിടെയെന്‍ മുറിയില്‍ ഞാ-
നൊറ്റയ്ക്കിരിപ്പാണ്
ജനലില്‍ നീ വിവശയായ് നില്‍ക്കെ.

മിഴിനീരുണങ്ങിടാ-
മൊരു നാള്‍, വരൂ വീണ്ടു-
മൊരു വട്ടം പാവാട ചുറ്റി.

ചിരികളും പൂക്കളും
മഴവില്ലു മീണ്ടോരു
മൃതര്‍ തന്‍ കിനാക്കളുമായി.

നിറയെയുണ്ടാമപ്പോള്‍
കിളികളും കനികളും
പുഴകളില്‍ തെളിനീരും കാടും .

ഒരു പക്ഷേയുണ്ടാകു-
മൊരു മാവിന്‍ കൊമ്പിലെന്‍
കുറുകിക്കുണുങ്ങുമാത്മാവും.    

Content Highlights :'Oduvil Nee Ethiyo' Poem by Satchidanandan