നാഗപൂജ

ഭൂതകാലം കൊണ്ട്
കൊത്തേല്‍ക്കാത്ത
ഇടങ്ങളില്ല.

ചത്തെന്നു വിചാരിക്കുമ്പോഴും
അനങ്ങുന്ന നാഗവാലാകുന്നു
ഭൂതകാലം;
ജീവന്‍ നീലിച്ചിട്ടും
അനക്കം നിലയ്ക്കുന്നുമില്ല.

ഭൂതകാലത്തിനു
നാഗപൂജ ചെയ്യുന്നു ഞാന്‍.

നാട്ടാന

കാട്ടാനയുടെ
മുഖമല്ലെന്നു തോന്നുന്നു
നാട്ടാനക്ക്.

ഉള്ളില്‍ കാടൊതുക്കുന്നതിനാല്‍
നാട്ടാനയോളം നിശ്ശബ്ദത
ആര്‍ക്കുമില്ല.

നാട്ടാനക്ക് ജ്ഞാനിയുടെ
മുഖമുണ്ട്;
കണ്ടതൊക്കെയും
ഇനി കാണില്ലെന്ന് തോന്നുമ്പോള്‍
ജ്ഞാനോദയം വന്നതാണോ?

Content Highlights : Nagapooja Nattana Two Poems by T A Sasi