മുറിയോടുള്ള പ്രിയം
വേറൊന്നിനോടുമില്ല
ആ മുറി മടിയിലിരുത്തും
തലമുടി ചുളിഞ്ഞ
വിരലാൽ തലോടും,
ഏതു മഴയത്തും
അമർത്തി കെട്ടിപ്പിക്കും,
ഇടിമിന്നലുകൾ
എനിക്ക് പേടിയാണെന്ന്
അതിനറിയാം.
മുറികൾക്ക് ജീവനുണ്ടെന്ന്
തോന്നിയിട്ട് അധികമായിട്ടില്ല
മുറിയിൽ സ്ഥിരമായുണ്ടായിരുന്ന ചിരി
ഒരു വൈകുന്നേരമങ്ങ്
ഇറങ്ങി പോകും വരെ!
മുറിക്ക് പകരം
അവിടെയുണ്ടായിരുന്ന
ഒന്നിനെയാണ് ഇഷ്ടപ്പെട്ടത്
പക്ഷേ അതങ്ങു പോയപ്പോൾ
ആ മുറിയെ സ്നേഹത്തോടെ
തലോടാൻ തുടങ്ങി
കൊഞ്ചിക്കുമ്പോൾ
മോണ കാട്ടി ചിരിക്കും
എങ്ങോട്ടെങ്കിലും
പോയിട്ടു വരുമ്പോൾ
ജനൽ കണ്ണുകൾ
റോഡിലേക്ക് നീട്ടി
കാത്തിരിക്കും.
എങ്ങും പോവാൻ പറ്റാത്തതിനാൽ
മുറിയങ്ങെനെ കിടക്കുകയാണ്
ചതുര രൂപത്തിൽ നിലച്ച്
ഉടലിനെ വൃത്തത്തിലാക്കാൻ
കഴിയാത്തപ്പോൾ
സങ്കടം തോന്നും.
മുറിയുടെ കണ്ണുകളിലെ
തിളക്കത്തിലാണ്
വീട് ഇപ്പോൾ
ചിരിക്കുന്നതു തന്നെ.
മുറികൾ പണിയുമ്പോൾ
ജീവനുണ്ടാവണമെന്ന്
ഇപ്പോൾ എനിക്കറിയാം.
അല്ലെങ്കിലും
മുറികൾ തന്നെയാണ്
ലോകത്തെ നയിക്കുന്നത്.