മീന്‍കുട്ടികളുടെ അച്ഛന്
വട്ടക്കണ്ണുകളാണ്.
കുഞ്ഞുമീനുകള്‍ വിരിഞ്ഞിറങ്ങിയ 
 നാള്‍ മുതല്‍
കണ്ണടക്കാതെ 
കാത്തു കാത്തിരിപ്പാണ്.

പിളര്‍ത്തിക്കാണിക്കുന്ന
കുഞ്ഞു ചുണ്ടുകളില്‍ 
മാമുവൂട്ടി,
നേര്‍ത്ത ചിറകുകളില്‍  
കുഞ്ഞെല്ലുകള്‍ മുളപ്പിച്ച്,
വാല്‍ത്തലപ്പിന് 
വാള്‍ തലപ്പിന്റെ മൂര്‍ച്ചകൂട്ടി,
മെയ് വഴക്കത്തിനായി
ഉടലൊരുക്കി,
ജലശലഭമായ്  നീന്തുവാന്‍
നട്ടെല്ലുറപ്പിച്ച്, 
വിയര്‍ത്ത്,
വിയര്‍ത്ത്
ദിക്കുനോക്കിയന്ത്രം പോലെ
വിറച്ചു വിറച്ച്
മീന്‍കുട്ടികളുടെ അച്ഛന്‍ 
എപ്പോഴും
പണിയിലാണ്.
ഒരായിരം കുഞ്ഞുങ്ങള്‍
പറന്നു പോകുമ്പോള്‍
മറ്റൊരായിരം 
വിരിഞ്ഞിറങ്ങും.
ഉണ്ണാതെ, യുറങ്ങാതെ
മീന്‍കുട്ടികളുടെ അച്ഛന്‍
വട്ടക്കണ്ണുള്ള
ചക്രമായി
മണ്ടിക്കൊണ്ടിരിക്കെ
ഇപ്പോഴിതാ ഒരു ചൂണ്ടയില്‍
ചങ്കു കൊരുത്ത് മീന്‍കുട്ടികളുടെ അച്ഛന്‍.

പുഴ നിറയെ 
മീന്‍ ശലഭങ്ങള്‍
പാറി നടക്കുന്നത് 
ആരെ അന്വേഷിച്ചാവും?

Content Highlights :meenkuttikalude achan poem by Sunitha Ganesh