താമരയിതള്‍ക്കൊപ്പം
തെല്ലു മദ്ധ്യത്തില്‍പ്പൊന്തി-
ച്ചാഞ്ഞ്, 
സോമത്താലന്തി-
ച്ചേലണിത്തുടുപ്പേലും
താരകങ്ങളെ 
ത്തണുപ്പിക്കുവാന്‍ 
പോരുന്നോരായ് 
താണുവന്ന്,
അവ മൂടിത്തളരും
കണ്‍പോളകള്‍,
  
തൊട്ടുനോക്കുവാന്‍, ആരു-         
മാരുമേയറിഞ്ഞീടാ-
തുള്‍ത്തുടിപ്പിലേ ചേര്‍ക്കാന്‍,
നോവിനെപ്പുതപ്പിക്കാന്‍,
  
ദാഹനീര്‍ കൊതിക്കുന്ന
തുമ്പിയാല്‍, കാണാ മര-
ച്ചോടുവേടുകള്‍ ചുറ്റി  
പ്പുഴക്കി, ചിന്നംവിളി-  
ച്ചാ വിളി മെതിച്ചിട്ട
കരിമ്പിന്‍കാടുംതേടി-
പ്പായുന്ന പിടിയാന ഞാന്‍
ദഹിച്ചടങ്ങുന്നു..

Content Highlights: Mathankam Malayalam poem by Vijayalakshmi