രിച്ചവരെല്ലാം ക്യൂവിലാണ്.
മരിച്ചെന്നുറപ്പു വരുത്താനുള്ള തിരക്കിൽ.
നിൽപ് സാമൂഹ്യ അകലം പാലിച്ചാണ് .
മുഖമില്ലാത്തതിനാൽ മാസ്കില്ല.
ഒരേ കൊടി പിടിച്ചവർ.
ഒരു കൊടിയും പിടിക്കാത്തവർ.
ഒരേ ദൈവത്തെ ആരാധിച്ചവർ.
ഒരു ദൈവത്തെയും ആരാധിക്കാത്തവർ.
അതിർത്തി മുറിച്ചു കടന്നവർ.
അതിരുകളിൽ അടിഞ്ഞു വീണവർ.
പ്രാണവായുവിനായ് പിടഞ്ഞവർ.
പട്ടിണി കൊണ്ട് അലഞ്ഞവർ.
യമുനയിൽ ഒഴുകി നടന്നവർ.
ഗംഗയിൽ മോക്ഷം നേടിയവർ.
കഴുകനും നായ്ക്കളും കൊത്തി വലിച്ചവർ.
ചുടലയിൽ അഗ്നിയായ് ജ്വലിച്ചവർ...
കാത്തിരിപ്പ് നീളുകയാണ്.
ഹിന്ദുവിനൊരു ക്യൂ...
മുസ്ലിമിന് മറ്റൊന്ന്...
ക്രിസ്ത്യാനിക്ക് വേറൊന്ന്....
മനുഷ്യന്റെ ക്യൂവിൽ തിരക്ക് കുറവാണ്...
ഇറങ്ങി വരുന്നവരുടെ സർട്ടിഫിക്കറ്റിൽ ചിരിച്ച് നിൽക്കുന്നു...
ഋഷി തുല്യനായ ചക്രവർത്തി...
താടിയും തലയും നരച്ച പഴയ നീറോ...

Content Highlights :Maranacertificate Malayalam Poem by E M Radhakrishnan