നുഷ്യന്‍ ഭാഷ തുന്നുന്നതിന് മുമ്പ്
രൂപശില്പമുള്ള
ഒരു പൊതുഭാഷയിലാണ്
മൃഗങ്ങള്‍ സംസാരിച്ചിരുന്നത്.

പ്രകൃതിനിയമങ്ങളാല്‍
നിയന്ത്രിക്കപ്പെട്ട ഭാഷ. 
ഉച്ചരിക്കുമ്പോള്‍
ഉള്‍ക്കാട്ടില്‍ മഴ നടക്കുന്നതിന്റെ
കാലൊച്ചയുള്ള ഭാഷാതാളം! 
തടാകത്തിലെ വെള്ളത്തില്‍
മീന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ
ആകാശത്തിന്റെ നീലക്കടലാസില്‍
കറുത്ത മേഘമഷിയില്‍ കാറ്റ്
കോറിയിട്ട ഭാഷാലിപി!
നാമവും ക്രിയയും തമ്മിലുള്ള
പൊരുത്തം മരവും മണ്ണും പോലെ
ജൈവികമായിരുന്നു.

മൃഗഭാഷ ഒളിച്ച് കേള്‍ക്കാറുണ്ടായിരുന്ന
മനുഷ്യന്‍ അവന്റെ വ്യക്തിത്വം പോലെ
ശൂന്യമായ തരിശ് നിലങ്ങളില്‍ ചെന്ന്
ഒരു കറുത്ത ഫലിതം പോലെ
അത് പൊട്ടിച്ച് തിന്നുകൊണ്ടിരുന്നു.
അവിവേകം തുരന്നുകളഞ്ഞ
തലച്ചോര്‍ച്ചൂളയില്‍ പുതിയ വ്യാകരണ
നിയമങ്ങള്‍ അവന്‍ പഴുപ്പിച്ചെടുക്കുന്നത്  
മൃഗങ്ങളറിഞ്ഞിരുന്നില്ല.

ഒരു നാള്‍,
നക്ഷത്രങ്ങളുടെ ആയുസ്സ് പോലെ
ദീര്‍ഘമായ വ്യാകരണ പുസ്തകവുമായി
അവന്‍ ഭാഷാധ്യാപനം തുടങ്ങിയപ്പോള്‍
മൃഗങ്ങള്‍ തങ്ങളുടെ ഭാഷ
റദ്ദ് ചെയ്യുകയും
അവന് ഒരിക്കലും
വിവര്‍ത്തിക്കാനാവാത്ത
മറ്റൊരു ഭാഷയില്‍
സംസാരിച്ച് തുടങ്ങുകയും ചെയ്തു.

Content Highlights: manushyan bhasha padichappol mrigangal cheythath poem by r sreejith varma